Deshabhimani

മാരിടൈം ബിൽ: ജീവിക്കാനും ഉപജീവനത്തിനുമുള്ള മൗലികാവകാശം അട്ടിമറിക്കുന്നു; പിണറായി വിജയൻ

Pinarayi Vijayan

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Oct 28, 2026, 08:15 PM | 2 min read

തിരുവനന്തപുരം: കേരള മാരിടൈം ബോർഡ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനും ഉപജീവനത്തിനുമുള്ള മൗലികാവകാശത്തെ അട്ടിമറിക്കുന്നതാണ് മാരിടൈം ബോർഡ് ഭേദഗതി ബില്ലെന്ന് അദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ 590 കിലോമീറ്റർ തീരദേശത്ത്, ചതുരശ്ര കിലോമീറ്ററിൽ രണ്ടായിരത്തി അഞ്ഞൂറിലധികം പേർ തിങ്ങിപ്പാർക്കുന്ന 222 മത്സ്യബന്ധന ഗ്രാമങ്ങളിലെ പത്തു ലക്ഷത്തിലധികം മനുഷ്യരെ കടുത്ത ആശങ്കയിലേയ്ക്ക് നയിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. തീരദേശവാസികളായ ഈ ജനത പാരമ്പര്യമായി കാത്തുസൂക്ഷിച്ച മണ്ണും കടലും കേവലം വാണിജ്യ താല്പര്യങ്ങൾക്കായി പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, അത് നേരിട്ട് തകർക്കുന്നത് ഒരു ജനവിഭാഗത്തിന്റെ നിലനിൽപ്പിനെയും ഉപജീവനത്തെയുമാണെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.


ബില്ലിലെ 22A വകുപ്പ് പ്രകാരം മറ്റ് വകുപ്പുകളുടെ ഭൂമി പിടിച്ചെടുത്ത് 'ലാൻഡ് ബാങ്ക്' രൂപീകരിക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്നത് വള്ളം കയറ്റിവെക്കാനും വലയുണക്കാനും മത്സ്യബന്ധന യാനങ്ങൾ നന്നാക്കാനും തലമുറകളായി മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചുവരുന്ന തീരങ്ങളെയാണ്. മത്സ്യബന്ധന തുറമുഖങ്ങളോ ലാൻഡിംഗ് സെന്ററുകളോ ഇല്ലാതാക്കി അവിടെ സംയോജിത വാണിജ്യ ടൗൺഷിപ്പുകളും സ്വകാര്യ പദ്ധതികളും വരുമ്പോൾ, പരമ്പരാഗത തൊഴിലാളികൾക്ക് കടലിലേക്കുള്ള സ്വാഭാവിക പ്രവേശനം എന്നെന്നേക്കുമായി നഷ്ടപ്പെടും. കടലിനെ മാത്രം ആശ്രയിച്ചു കഴിയുന്ന രണ്ട് ലക്ഷത്തിലധികം കുടുംബങ്ങളെ സ്വന്തം ഇടങ്ങളിൽ നിന്ന് ആട്ടിപ്പായിച്ച് തൊഴിൽരഹിതരാക്കുന്ന സ്ഥിതി അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.


പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന കായലുകളിലും തീരക്കടലിലും 'വാട്ടർഫ്രണ്ട് റോയൽറ്റി' ഈടാക്കാനുള്ള വ്യവസ്ഥ അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. പ്രകൃതിദത്തമായ ജലാശയങ്ങളിൽ അധ്വാനിച്ചു ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് മേൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കുന്നത് അവരുടെ തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും. പരിശോധനകളുടെ പേരിൽ ബോർഡിന്റെ ഉദ്യോഗസ്ഥർക്ക് നൽകുന്ന അമിതാധികാരങ്ങൾ തീരദേശത്ത് നിരന്തരമായ പീഡനങ്ങൾക്കും ഭയപ്പാടിനും വഴിവെക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്വതന്ത്ര സഞ്ചാരവും തൊഴിലും നിയന്ത്രിക്കപ്പെടുന്നത് നിയമവാഴ്ചയ്ക്ക് നിരക്കുന്നതല്ല.


തീരദേശ പരിപാലന ചട്ടങ്ങളെയും പരിസ്ഥിതി നിയമങ്ങളെയും അവഗണിച്ച് തീരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും സ്വകാര്യ ടൂറിസം പദ്ധതികൾക്കും വഴിതുറക്കുന്നത് കടലിന്റെ സ്വാഭാവിക പരിസ്ഥിതിയെയും മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളെയും നശിപ്പിക്കും. ഇത് ഇതിനകം തന്നെ കടുത്ത കാലാവസ്ഥാ വ്യതിയാനവും തീരശോഷണവും നേരിടുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവന വരുമാനത്തെ പൂർണമായും ഇല്ലാതാക്കും. ധാതുസമ്പത്ത് കൊള്ളയടിക്കുകയാണ് ലക്ഷ്യം. അതിന് ലാഭന്മാരായ കോർപ്പറേറ്റുകൾക്ക് സർക്കാർ ചെലവിൽ വാതിൽ തുറന്നു കൊടുക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു.


തീരദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി, സ്വതന്ത്ര തുറമുഖ അതോറിറ്റികൾ രൂപീകരിച്ച് കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് പരവതാനി വിരിക്കുമ്പോൾ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളും പ്രതിരോധങ്ങളും പൂർണമായും അവഗണിക്കപ്പെടും. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സ്വന്തം മണ്ണിൽ അന്യവൽക്കരിക്കുകയും അവരുടെ പരമ്പരാഗത കടലവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന ഈ ജനവിരുദ്ധ നിയമനിർമാണം ഈ നാടിനും ഇവിടുത്തെ ജനങ്ങൾക്കും വേണ്ടിയുള്ളതല്ല. തീരദേശത്ത് ജനങ്ങളുടെ പ്രതിനിധികളായി എത്തിയവരാണ് ഈ സഭയിൽ ഉള്ള അനേകം പേർ. ഈ ബില്ലിനോട് സഹകരിക്കുന്നത് സ്വന്തം വോട്ടർമാരോട് ചെയ്യുന്ന കൊലച്ചതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തീരദേശത്തെ ആകെ ബാധിക്കുന്ന ഇത്തരം ഒരു പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ, പുതുതായി രൂപീകരിക്കുന്ന ഒരു സംവിധാനത്തിലും തീരദേശത്തെ ജനങ്ങളുടെ പ്രതിനിധികൾ ഇല്ല പഞ്ചായത്തുകളില്ല, പഞ്ചായത്ത് സെക്രട്ടറിയില്ല, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മന്ത്രി ഇല്ല, ഫിഷറീസ് വകുപ്പില്ല ഫിഷറീസ് വകുപ്പിന്റെ മന്ത്രിയും സെക്രട്ടറിയും ഇല്ല, മത്സ്യത്തൊഴിലാളികളുടെ പൊടിപോലുമില്ല, തീരദേശത്ത് അനേകം സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അത്തരം ഒരു സംഘടനയ്ക്കും ഇതിൽ ഒരു അക്ഷരം പറയാനുള്ള അവസരവുമില്ല. ഇത് നമ്മുടെ തീരദേശത്തെ കോർപ്പറേറ്റ് മാഫിയകൾക്ക് തീറെഴുതി കൊടുക്കാനുള്ള സമ്മതപത്രം കൂടിയാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ ബില്ല് ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home