ഫ്ലൈദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ചാറിനും ജീവനക്കാർക്കും യുഎഇയുടെ ആദരം

ദുബായ് : ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം നേരിട്ടിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ധീരമായി ഇടപെട്ട പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി നൽകി യുഎഇ. വിമാനത്തിലെ മറ്റ് ജീവനക്കാരും ആദരവിന് അർഹരായി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II ബഹുമതി സമ്മാനിച്ചത്. പ്രതിസന്ധി ഘട്ടത്തിലും ജീവനക്കാരുടെ ധീരതയെയും, ജോലി മികവിനെയും യാത്രക്കാരുടെ സുരക്ഷയോടുള്ള ഉത്തരവാദിത്വത്തെയും യുഎഇ പ്രസിഡന്റ് പ്രശംസിച്ചു.
വിമാനത്തിലുണ്ടായിരുന്നവരുടെ ജീവൻ സംരക്ഷിക്കാൻ ക്യാപ്റ്റനും സഹപ്രവർത്തകരും നടത്തിയ ഇടപെടലിനുള്ള അംഗീകാരമാണ് യുഎഇയുടെ ഈ ബഹുമതി. വിമാനത്തിലെ ജീവനക്കാരുടെ ധീരതയും അർപ്പണബോധവും അഭിമാനകരമാണെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.
സെപ്റ്റംബർ 30നാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണമുണ്ടായത്. ഫ്ലൈദുബായ് എഫ്‌ഇസഡ് 1073 വിമാനത്തിലായിരുന്നു സംഭവം. 170ലേറെ യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ സഹപൈലറ്റ് കോക്പിറ്റിൽ സൂക്ഷിക്കുന്ന ആക്സ് ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്മിത് തുടർന്ന് കോക്പിറ്റ് വാതിൽ തുറന്നു. ഇതോടെ മറ്റ് ജീവനക്കാർക്കും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴടക്കുകയായിരുന്നു. പിന്നീട് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് സംഘം നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഒമാൻ പൗരനായ സഹപൈലറ്റിനെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.








0 comments