ഭാര്യയെ നടുറോഡിൽ ആക്രമിച്ചു; ഭർത്താവിനെതിരെ വധശ്രമക്കേസ്

വിളപ്പിൽ: ജോലിക്കുപോകുകയായിരുന്ന ഭാര്യയെ നടുറോഡിൽ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു. സര്‍ക്കാര്‍ ജീവനക്കാരിയായ പെരുകാവ് സ്വദേശി സീമയെ(46) ഭര്‍ത്താവ് പാച്ചല്ലൂര്‍ സ്വദേശി വിജയനാണ് (52) കത്തികൊണ്ട് ആക്രമിച്ചത്. ഇയാൾക്കെതിരെ വധശ്രമത്തിന് മലയിൻകീഴ് പൊലീസ് കേസെടുത്തു.
ബുധൻ രാവിലെ വികാസ്ഭവനിലെ ഓഫീസിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് സീമയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ വിജയന്‍ പെരുകാവിന് സമീപത്തുവച്ച് ആക്രമിച്ചത്. ആക്രമണത്തിനിടെ സീമ ഓടിമാറിയതോടെ വിജയൻ ബൈക്കിൽ രക്ഷപ്പെട്ടു. കഴുത്തിലും പുറത്തും പരിക്കേറ്റ സീമ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞാണ് താമസം. സീമയ്ക്കുനേരെ മുന്പും വിജയൻ വധഭീഷണി മുഴക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഭൂമി വിൽക്കാനുള്ള വിജയന്റെ നീക്കം സീമ കോടതിയിൽ ചോദ്യം ചെയ്തതാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.









0 comments