Deshabhimani

യെമനിലെ ഏദൻ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; വിമാന സർവീസുകൾ നിർത്തിവച്ചു

Yemen attack
വെബ് ഡെസ്ക്

Published on Oct 28, 2026, 07:45 PM | 1 min read

സനാ : യെമനിൽ തെക്കൻ നഗരമായ ഏദനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം. വിമാനത്താവളം ഒഴിയണമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. ആക്രമണമുണ്ടായതോടെ വിമാനത്താവളത്തിലെ വ്യോമഗതാഗതം നിർത്തിവച്ചു. അതേസമയം, സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. യെമനിലെ സർക്കാരിന്റെ ആസ്ഥാനകേന്ദ്രമാണ് ഏദൻ ന​ഗരം.


വിമാനത്താവളത്തിന് സമീപം സ്ഫോടനശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിന് തൊട്ടുമുമ്പ് ചില യുഎൻ ജീവനക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐഒഎം) ജീവനക്കാർ സുരക്ഷിതരാണെന്ന് വ്യക്തമാക്കി.


സൗദി സൈനിക കാർഗോ വിമാനം ആയുധങ്ങളുമായി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതെന്ന് ഹൂതി വക്താവ് യഹ്യ സരീ എക്സിലൂടെ അറിയിച്ചു.


യെമൻ സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ശക്തമാവുകയാണ്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്ക് ഹൂതികൾ കഴിഞ്ഞ മാസം കൈയ്യേറിയിട്ടുണ്ട്. ഇതോടെയാണ് മേഖലയിസെ നിയന്ത്രണം വീണ്ടെടുക്കാൻ സർക്കാർ സേനയും സഖ്യസേനയും നീക്കം ശക്തമാക്കിയത്.


ഹൂതികളുടെ ആക്രമണങ്ങൾ വർധിച്ചതോടെ അവരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സഖ്യസേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ യെമനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുകയാണ്.


യെമനിലെ വടക്കൻ പ്രവിശ്യയായ അൽ ജൗഫിൽ സൗദി സഖ്യസേനയുടെ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി നിയന്ത്രണത്തിലുള്ള മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല.


2014ൽ ഹൂതികൾ തലസ്ഥാനമായ സനാ പിടിച്ചെടുത്തതോടെയാണ് യെമനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായത്. 2022ൽ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ വെടിനിർത്തൽ നിലവിൽവന്നിരുന്നു. ഇതേത്തുടർന്ന് പരസ്പരമുള്ള ആക്രമണങ്ങൾ വൻതോതിൽ കുറഞ്ഞിരുന്നു. എന്നാൽ, ഇറാനെതിരെ യുഎസ്- ഇസ്രയേൽ സഖ്യം കടന്നാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് യെമനിലും ആഭ്യന്തര സംഘർഷം ആരംഭിച്ചത്. ഹൂതികളുടെ ആക്രമണം ശക്തമായതോടെ യെമനിലെ സാധാരണക്കാരായ ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home