ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; വിപണിയിൽ നിന്ന് മുളകുപൊടി പിൻവലിക്കാൻ പതഞ്ജലിയോട് എഫ്എസ്എസ്എഐ

photo credit: X
ന്യൂഡൽഹി: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് 4 ടൺ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിച്ചു. ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ എഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ നിർദേശത്തെ തുടർന്നാണ് നടപടി.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പായ്ക്ക് ചെയ്ത നാല് ടൺ ചുവന്ന മുളകുപൊടി തിരിച്ചുവിളിക്കാൻ എഫ്എസ്എസ്എഐ പതഞ്ജലി ഫുഡ്സിനോട് ആവശ്യപ്പെട്ടു. 200 ഗ്രാം മുളകുപൊടി പാക്കറ്റ് തിരിച്ചുവിളിച്ചതായി പതഞ്ജലി ഫുഡ്‌സ് സിഇഒ സഞ്ജീവ് അസ്താന പ്രസ്താവനയിൽ പറഞ്ഞു.
ഉൽപ്പന്നത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ കീടനാശിനികളുടെ അവശിഷ്ടത്തിന്റെ അളവ് അനുവദനീയമായതിൽ അളവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. തുടർന്നായിരുന്നു എഫ്എസ്എസ്എഐയുടെ നടപടി. മുളകുപൊടി ഉൾപ്പെടെ വിവിധ ഭക്ഷ്യവസ്തുക്കൾക്കുള്ള കീടനാശിനികളുടെ അവശിഷ്ടങ്ങൾക്ക് എഫ്എസ്എസ്എഐ പരിധി നിശ്ചയിച്ചിട്ടുണ്ട്.
മുളകുപൊടി വിൽപ്പന നടത്തിയവരെ അറിയിക്കാൻ കമ്പനി ഉടനടി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കളിലേക്ക് വിവരം എത്താൻ പരസ്യങ്ങളും പുറത്തിറക്കിയിട്ടുണ്ടെന്നും അസ്താന പറഞ്ഞു.
ഉൽപ്പന്നം വാങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചെത്തിക്കാനും പണം തിരിച്ചുവാങ്ങാനും അസ്താന ഉപഭോക്താക്കളോട് അഭ്യർഥിച്ചു. മുമ്പും നിരവധി ആരോപണങ്ങൾ പതഞ്ജലിക്ക് എതിരെ ഉയർന്നിട്ടുണ്ട്. പതഞ്ജലി വെജിറ്റേറിയൻ എന്ന പേരിൽ വിപണനം ചെയ്യുന്ന ആയുർവേദിക് പൽപ്പൊടി ‘ദിവ്യ മഞ്ജൻ’ എന്ന ഉൽപ്പന്നത്തിൽ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു ഉപഭോക്താവ് പരാതി നൽകിയിരുന്നു.










0 comments