പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചു; യാത്രക്കാരൻ പിടിയിൽ

ന്യൂഡൽഹി : യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ഡൽഹിയിൽ നിന്ന് പുണെയിലേക്ക് പോയ 6E6884 വിമാനത്തിൽ തിങ്കൾ പുലർച്ച 12.45നാണ് സംഭവം. പുണെ സ്വദേശിയായ ഗൗരവ് സത്യേന്ദ്ര റൗട്ടേലയാണ് പിടിയിലായത്.
എമർജൻസി എക്സിറ്റിന് അരികിലുള്ള 19D സീറ്റിലാണ് ഇയാൾ ഇരുന്നത്. വിമാനം ഡൽഹിയിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ ഗൗരവ് എമർജൻസി എക്സിറ്റിലുള്ള ലിവർ കവർ വലിച്ചിളക്കുകയായിരുന്നു. ഉടൻ അലാം മുഴങ്ങി. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. കാബിൻ ക്രൂ ഉടൻ ഇടപെടുകയും 2 മണിക്ക് വിമാനം പുണെയിൽ ലാൻഡ് ചെയ്തപ്പോൾ ഗൗരവിനെ പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
കൗതുകം തോന്നിയാണ് ലിവർ കവറിൽ സ്പർശിച്ചതെന്നും അത് എമർജൻസി വാതിലുമായി ബന്ധപ്പെട്ട സംവിധാനമാണെന്ന് അറിയില്ലായിരുന്നുവെന്നും ഗൗരവ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞതായാണ് വിവരം. അനവശ്യമായി എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ഗോവിന്ദ് പവാർ പറഞ്ഞു. ബിഎൻഎസ് 125-ാം വകുപ്പും എയർക്രാഫ്റ്റ് നിയമത്തിലെ വ്യവസ്ഥകളും പ്രകാരമാണ് കേസ്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 35(3) വകുപ്പ് പ്രകാരം യാത്രക്കാരന് നോട്ടീസും നൽകി.









0 comments