Deshabhimani

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം; നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി

ship accident nahim ajij
വെബ് ഡെസ്ക്

Published on Nov 03, 2026, 09:43 PM | 1 min read

മസ്കത്ത്: ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശി ഗാന്ധർ നഹീം അജിജാണ് കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന മറ്റ് 13 ഇന്ത്യക്കാരെ ഒമാൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. നവംബർ രണ്ടിനാണ് ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.


ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലെ സലായയിൽനിന്നുള്ള എംഎസ്‌വി അൽ ജുസുഫി എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്. യുഎഇയിലെ ഹംരിയ തുറമുഖത്തുനിന്ന് ചരക്കുകളുമായി ഗുജറാത്തിലെ പോർബന്തറിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഒമാൻ തീരത്തിന് സമീപത്തുകൂടി സഞ്ചരിക്കുമ്പോൾ അജ്ഞാതമായ ആകാശവസ്തു കപ്പലിൽ പതിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോണോ മിസൈലോ ആണ് കപ്പലിൽ പതിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.


കപ്പലിൽ ആകെ 14 ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ ഗാന്ധർ നഹീം അജിജ് മരിച്ചു. മറ്റ് 13 പേരും കപ്പലിൽനിന്ന് സുരക്ഷിതമായി പുറത്തിറങ്ങുകയും ഒമാൻ തീരസംരക്ഷണ സേന ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെട്ടവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനും കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കേന്ദ്രസർക്കാരും ഒമാനിലെ ഇന്ത്യൻ എംബസിയും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് സോനോവാൾ അറിയിച്ചു.



പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ഇന്ത്യൻ നാവികരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുകയാണ്. യുദ്ധമേഖലയിൽ ഇതുവരെ 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ച അറിയിച്ചത്. ഇവരിൽ 14 പേർ നാവികരാണ്. മേഖലയിലെ സ്ഥിതിഗതികളിൽ ഇന്ത്യയ്ക്ക് ഗുരുതരമായ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home