Deshabhimani

അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Anil Ambani
വെബ് ഡെസ്ക്

Published on Nov 03, 2026, 09:14 PM | 2 min read

ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ വ്യവസായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരെ ഇ ഡിയുടെ നടപടി. രണ്ട് സ്വകാര്യ വിമാനങ്ങളും ഭൂമിയും ഉൾപ്പെടെ 510 കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകേസുകളിലാണ് നടപടി.


മഹാരാഷ്ട്രയിലെ ആറ് ഭൂമികളും ഒരു ഓഫീസ് കെട്ടിടവും രണ്ട് ചാർട്ടേഡ് വിമാനങ്ങളുമാണ് കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നത്. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് കേസുകളിൽ തമിഴ്നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടി. ഈ രണ്ട് കമ്പനികളുമായി ബന്ധപ്പെട്ട കേസുകളിൽ 263.05 കോടി രൂപയുടെയും റിലയൻസ് കമ്മ്യൂണിക്കേഷൻസ് കേസിൽ 247.12 കോടി രൂപയുടെയും സ്വത്തുക്കൾക്കാണ് നടപടി സ്വീകരിച്ചത്.


അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി ഇതുവരെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ ആകെ മൂല്യം 23,100 കോടി രൂപ ആയതായി ഇ ഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ), വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം (ഫെമ) എന്നിവ പ്രകാരമാണ് നടപടികൾ. സിബിഐ ഡൽഹിയിലും ഡൽഹി, മുംബൈ പൊലീസുകളുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.


ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ലഭിച്ച പൊതുപണം വകമാറ്റിയതായാണ് ഇഡിയുടെ കണ്ടെത്തൽ. കമ്പനികളുടെ പണം വിദേശത്തെ നികുതി ഇളവുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പാപ്പരത്ത നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് കമ്പനികളുടെ ആസ്തികൾ സ്വകാര്യ ആവശ്യങ്ങൾക്ക് സംരക്ഷിക്കാൻ ശ്രമിച്ചതായും ഇഡി പറയുന്നു. വകമാറ്റിയ പണത്തിന്റെ വലിയൊരു ഭാഗം കമ്പനികളുടെ പ്രൊമോട്ടർമാരുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിഗത ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.


റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ തുടങ്ങിയ കമ്പനികളും അന്വേഷണപരിധിയിലുണ്ട്. വിവിധ കേസുകളിലായി ഇതുവരെ പത്തുപേരെ അറസ്റ്റ് ചെയ്തു. പിഎംഎൽഎ പ്രകാരം ആറ് പരാതികളും ഫെമ പ്രകാരം ഒരു പരാതിയും ഫയൽ ചെയ്തതായും ഇ ഡി അറിയിച്ചു.


അതേസമയം, ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് സംഘടനയായ ഇപിഎഫ്ഒയ്ക്ക് 1,816.22 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ ആഗസ്തിൽ സിബിഐ അനിൽ അംബാനിക്കും റിലയൻസ് ക്യാപിറ്റലിനുമെതിരെ കേസെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home