ഹോസ്റ്റലിൽ കാഴ്ചപരിമിതിയുള്ള കുട്ടികളെ പീഡിപ്പിച്ചു; ലീഗുകാരന് 208 വർഷം കഠിനതടവ്

കോഴിക്കോട്/ കുന്നമംഗലം: കാഴ്ചപരിമിതരായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ ജീവനക്കാരന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി (രണ്ട്) 208 വർഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ചു. 11, 14 വയസ്സുകാരായ കുട്ടികളുടെ സ്‌കൂളിലെ ഹോസ്റ്റൽ മെയിൽ ഗൈഡ് ആയ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട് മങ്ങാട്ട് മുസ്തഫ (48)യെയാണ് ജഡ്‌ജി കെ എസ് വരുൺ ശിക്ഷിച്ചത്. ഇയാൾ മുസ്ലിം ലീഗ് പ്രവർത്തകനാണ്.
പതിനൊന്നുകാരനെ 2024 ജൂലൈ അഞ്ച് മുതൽ 2025 നവംബർ 23 വരെയും 14കാരനെ 2024 ജൂലൈ ഒന്ന് മുതൽ 2025 ഡിസംബർ 18 വരെയും പലതവണ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ്. ആദ്യ കേസിൽ പോക്സോ കേസിലെ അഞ്ച് വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവ്, 10,000 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും രണ്ടുമാസം വീതം അധിക കഠിനതടവ് എന്നിവയാണ് ശിക്ഷ. പുറമെ പോക്സോ ആക്ടിലെ ഏഴാം വകുപ്പ് പ്രകാരം മൂന്നുവർഷവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരുവർഷവും കഠിന തടവും അനുഭവിക്കണം.
ഇരുവകുപ്പുകളിലും 5,000 രൂപ വീതം പിഴയും. പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും ഒരുമാസം വീതം അധിക കഠിനതടവും അനുഭവിക്കണം.
രണ്ടാമത്തെ കേസിലും ഇതേ രീതിയിലാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ തുക അതിജീവിതർക്ക് നൽകണമെന്നും കോടതി വിധിച്ചു. കൂടാതെ അതിജീവിതർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശവും നൽകി. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എസ് കെ പ്രിയൻ, സബ് ഇൻസ്പെക്ടർ എ എം യാസിർ എന്നിവരാണ് അന്വേഷണം നടത്തിയത്.









0 comments