പാർടിക്ക് ഉപരിയായി ഒരു ഇമേജും താൻ ഉണ്ടാക്കാറില്ല; ഭയന്നോടില്ലെന്ന് വേണുഗോപാൽ; ലീഗിന്റെ സമ്മർദത്തിൽ പ്രതികരണമില്ല

കെ സി വേണുഗോപാൽ
ന്യൂഡൽഹി: മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ പരോക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് പാർടിക്ക് ഉപരിയായി ഒരു ഇമേജും താൻ ഉണ്ടാക്കാറില്ലെന്നും കടന്നാക്രമണങ്ങളിൽ ഭയന്നോടില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ മുസ്ലിംലീഗിന്റെ സമ്മർദമാണോ സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ ഹൈക്കമാൻഡിന് സമ്മർദമായതെന്ന ചോദ്യത്തോട് വേണുഗോപാൽ പ്രതികരിച്ചില്ല.
ഹൈക്കമാൻഡാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിച്ചത്, പാർടി തീരുമാനം ശിരസ്സാവഹിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. നേതൃത്വം പല ഘടകങ്ങളും പരിഗണിച്ചിട്ടുണ്ടാകും. കോൺഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനവും താൻ എടുക്കില്ല. ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചുവന്നയാളല്ല താൻ. സൈബർ വേട്ടയാടലുകളെക്കുറിച്ച് ഒന്നും പറയാനില്ല. ആക്രമിക്കുന്നവർ ഇനിയും ആക്രമിക്കട്ടെയെന്നും വേണുഗോപാൽ പറഞ്ഞു.
11 ദിവസം നീണ്ട പിടിവലികൾക്കും ചർച്ചകൾക്കുമൊടുവിൽ വ്യാഴം 12 മണിക്കാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസിലും യുഡിഎഫിലും ഉടലെടുത്ത അസാധാരണ സാഹചര്യം പരിഗണിച്ച് ഹൈക്കമാൻഡ് ഈ തീരുമാനത്തിലേക്ക് നീങ്ങുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.










0 comments