print edition ഒൗദ്യോഗികമായി അവസാനിപ്പിക്കാതെ കേന്ദ്രം; പാർലമെന്റ് വർഷകാല സമ്മേളനം 88 ദിവസം

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഒൗദ്യോഗികമായി അവസാനിപ്പിക്കാതെ 88 ദിവസം പിന്നിട്ടു. 2008ൽ രേഖപ്പെടുത്തിയ 87 ദിവസത്തിന്റെ റെക്കോഡ് ഇതോടെ മറികടന്നു. ആഗസ്‌ത് 13ന് ലോക്‌സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും സമ്മേളനം ഒൗദ്യോഗികമായി അവസാനിപ്പിച്ച് ഉത്തരവിറക്കിയില്ല. ഇതോടെയാണ് സമ്മേളനം അവസാനിക്കാതെ തുടരുന്ന കാലയളവ് 88 ദിവസമായത്.
മണ്ഡല പുനഃനിർണയവുമായി ബന്ധപ്പെടുത്തി വനിതാസംവരണം നടപ്പാക്കുന്ന ഭരണഘടന ഭേദഗതി ചർച്ചചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചുരുങ്ങിയ സമയത്തിനകം വിളിച്ചുചേർക്കാനാണ് നീക്കം.
ഇൗ പശ്ചാത്തലത്തിലാണ് വർഷകാല സമ്മേളനം അവസാനിപ്പിച്ച് ഒൗദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാത്തതെന്നും വിലയിരുത്തലുണ്ട്.
നിലവിലെ സമ്മേളനത്തിനുള്ളിൽ വീണ്ടും യോഗം ചേരാൻ രണ്ടുദിവസത്തെ അറിയിപ്പ് മതിയാകും. അതേസമയം, പുതിയ സമ്മേളനം വിളിച്ചുചേർക്കാൻ 14 ദിവസം വേണം. കേന്ദ്രസർക്കാരിന്റെ അസാധാരണ നീക്കത്തിൽ വിമർശവുമായി പ്രതിപക്ഷം രംഗത്തെത്തി.









0 comments