print edition നൂഡിൽസ് ഉണ്ടാക്കുംപോലെ ബില്ലുകൾ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജൂലൈ 20ന് തുടങ്ങിയ പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പാസാക്കിയത് 12 ബിൽ. ഇതിൽ ഇരുസഭകളിലും കാര്യമായ ചർച്ച നടന്നത് ഒറ്റബില്ലിൽ മാത്രം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള വിദ്യാർഥിപ്രക്ഷോഭം തണുപ്പിക്കാൻ കൊണ്ടുവന്ന പൊതുപരീക്ഷാ ക്രമക്കേട് തടയൽ നിയമഭേദഗതി ബില്ലിൽ ലോക്‌സഭയിൽ 10 മണിക്കൂർ 54 മിനിറ്റും രാജ്യസഭയിൽ ആറ് മണിക്കൂർ 39 മിനിറ്റും ചർച്ചയുണ്ടായി. ഇതാണ് ഇരുസഭകളും ചർച്ചചെയ്‌ത ഏക ബിൽ. കേരളത്തിന്റെ ഒൗദ്യോഗിക നാമം മാറ്റുന്നതിനുള്ള ബിൽ ലോക്‌സഭ ചർച്ചചെയ്‌തത് മൂന്ന് മിനിറ്റ്.
ദേശീയ സഹകരണ വികസന കോർപറേഷൻ ഭേദഗതി ബിൽ 10 മിനിറ്റിൽ പാസാക്കി. 11 ബിൽ ലോക്‌സഭ കടത്തിയത് ചർച്ച കൂടാതെ. ഇതിൽ ഒന്പതിലും ബന്ധപ്പെട്ട മന്ത്രിമാർ മാത്രമാണ് സംസാരിച്ചത്. ‘നൂഡിൽസ് ഉണ്ടാക്കുംപോലെ’ അനായാസമാണ് ബിൽ പാസാക്കുന്നതെന്ന തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒ ബ്രയാന്റെ വിമർശം ശരിവയ്‌ക്കുന്നതാണ് ഇൗ കണക്കുകൾ.
1969ലെ ജനന, മരണ രജിസ്‌ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്ന പ്രധാനപ്പെട്ട ബിൽ ലോക്‌സഭയിൽ ചർച്ചയായില്ല. രാജ്യസഭയിലാകട്ടെ വെറും 50 മിനിറ്റ് ചർച്ചയാണ് നടന്നത്. ഓരോ എംപിക്കും ശരാശരി സമയം മൂന്ന് മിനിറ്റ്! വർഷകാല സമ്മേളനത്തിൽ ലോക്‌സഭയുടെ പ്രവർത്തനക്ഷമത 19 ശതമാനവും രാജ്യസഭയുടേത് 39 ശതമാനവുമാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
നിർണായക വിഷയങ്ങളിൽ വിശദീകരണത്തിനോ ചർച്ചയ്‌ക്കോ തയ്യാറാകാത്ത കേന്ദ്രസർക്കാരാണ് സമ്മേളനം പ്രതിഷേധത്തിൽ മുക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 2016ൽ നോട്ടുനിരോധനത്തെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ വർഷകാലസമ്മേളനം പൂർണമായും തടസ്സപ്പെട്ടിരുന്നു. 2018 ബജറ്റ് സമ്മേളനം, 2021 വർഷകാലസമ്മേളനം, 2023 ബജറ്റ് സമ്മേളനം എന്നിവയും പ്രതിഷേധത്തിൽ മുങ്ങിയിരുന്നു.










0 comments