വർഷകാല സമ്മേളനം ഇന്ന് തുടങ്ങും; പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം


എം അഖിൽ
Published on Jul 21, 2025, 02:02 AM | 1 min read
ന്യൂഡൽഹി : തിങ്കളാഴ്‌ച തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നിർണായകവിഷയങ്ങളിൽ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം. പഹൽഗാം ഭീകരാക്രമണത്തിന് വഴിയൊരുക്കിയ സുരക്ഷാവീഴ്‌ച, ഓപ്പറേഷൻ സിന്ദൂർ, ബിഹാറിലെ വോട്ടർപട്ടിക പുനഃപരിശോധന ക്രമക്കേടുകൾ, അഹമ്മദാബാദ് വിമാനദുരന്തത്തിലെ ദുരൂഹതകൾ, വിദേശനയത്തിലെ ഗുരുതര വ്യതിയാനങ്ങൾ- തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രിതന്നെ വിശദീകരിക്കണമെന്നാണ് ആവശ്യം.
ഞായറാഴ്‌ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ചു. എല്ലാ വിഷയവും ചർച്ചചെയ്യാമെന്ന് കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, എൽ മുരുകൻ തുടങ്ങിയവർ ഉറപ്പുനൽകി. കെ രാധാകൃഷ്‌ണൻ (സിപിഐ എം ലോക്‌സഭാ നേതാവ്), ജോൺ ബ്രിട്ടാസ് (സിപിഐ എം രാജ്യസഭാ നേതാവ്), ഗൗരവ് ഗൊഗോയ്, ജയ്‌റാം രമേശ് (കോൺഗ്രസ്), രാംഗോപാൽ യാദവ് (എസ്‌പി), ടി ആർ ബാലു (ഡിഎംകെ), സഞ്‌ജയ് സിങ് (എഎപി), സുപ്രിയ സുലേ (എൻസിപി–-ശരദ് പവാർ), അരവിന്ദ് സാവന്ത് (ശിവസേന–-ഉദ്ധവ്) തുടങ്ങിയവർ പങ്കെടുത്തു.
പഹൽഗാമിൽ ഇന്റലിജൻസ് വീഴ്‌ചകളുണ്ടായെണെന്ന ജമ്മു കശ്‌മീർ ലഫ്. ഗവർണറുടെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രഖ്യാപിത വിദേശനയത്തിൽ കേന്ദ്രസർക്കാർ വരുത്തുന്ന ഗുരുതര വ്യതിയാനങ്ങൾ അംഗീകരിക്കാനാകില്ല. ഇന്ത്യ–-പാക് വെടിനിർത്തൽ ധാരണയ്‌ക്ക് മധ്യസ്ഥനായെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആവർത്തിച്ചുള്ള പ്രസ്‌താവനകൾ രാജ്യത്തിന് അപമാനമാണ്. ബിഹാറിൽ കോടിക്കണക്കിന് ജനങ്ങൾക്ക് വോട്ടവകാശം നിഷേധിക്കുന്നതിന് മറുപടി പറയണം.
കേരളത്തിൽ ഗവർണർ ആർഎസ്‌എസ് പ്രചാരകനാകുന്നതും സംസ്ഥാനത്തിന് അനുവദിച്ച ഫണ്ടുകൾ കാരണമില്ലാതെ തടഞ്ഞുവയ്‌ക്കുന്നതും സിപിഐ എം അംഗങ്ങൾ ഉന്നയിച്ചു. അസമിലെ കൂട്ടക്കുടിയൊഴിപ്പിക്കൽ, മണ്ഡല പുനർനിർണയം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു.









0 comments