ad
Deshabhimani

മാതാപിതാക്കളുടെ സഹായം ലഭിക്കുന്നു എന്നത് ഭർത്താവിന്റെ ജീവനാംശ ബാധ്യത ഇല്ലാതാക്കുന്നില്ല; ഹൈക്കോടതി

allahabad HC
വെബ് ഡെസ്ക്

Published on Jun 30, 2026, 04:13 PM | 2 min read

അലഹബാദ്: പ്രതിസന്ധി ഘട്ടങ്ങളിൽ മാതാപിതാക്കൾ നൽകുന്ന സാമ്പത്തിക പിന്തുണ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള ഭർത്താവിന്റെ നിയമപരമായ ബാധ്യതയിൽ നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്ന് അലഹബാദ് ഹൈക്കോടതി.


ക്രിമിനൽ നടപടിക്രമം സെക്ഷൻ 125 പ്രകാരം ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാൻ ഇത് കാരണമായി ചൂണ്ടിക്കാണിക്കാനാകില്ലെന്ന് ജസ്റ്റിസ് ഗരിമ പ്രഷാദ് നിരീക്ഷിച്ചു. ബുലന്ദ്ഷഹറിലെ ഫാമിലി കോടതി വിധിക്കെതിരെ ഭാര്യയും രണ്ട് പ്രായപൂർത്തിയാകാത്ത മക്കളും സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.


2023 ഡിസംബറിൽ ബുലന്ദ്ഷഹർ ഫാമിലി കോടതി ഭാര്യയുടെ ജീവനാംശത്തിനായുള്ള അപേക്ഷ പൂർണ്ണമായി തള്ളുകയും കുട്ടികൾക്ക് മാത്രം പ്രതിമാസം 3,000 രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. ഗാർഹിക പീഡനത്തിനോ ഭർത്താവിന്റെ രണ്ടാം വിവാഹത്തിനോ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ ഭാര്യയ്ക്ക് സാധിച്ചില്ല. മതിയായ കാരണമില്ലാതെയാണ് സ്ത്രീ മാറിത്താമസിക്കുന്നത് എന്നിങ്ങനെയായിരുന്നു ഫാമിലി കോടതിയുടെ നിരീക്ഷണം.


ജീവനാംശ കേസ് ക്രൂരത തെളിയിക്കാനുള്ളതല്ല


ഈ സമീപനത്തെ ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ക്രൂരതയും വ്യഭിചാരവും തെളിയിക്കേണ്ട ഒരു പൂർണ്ണമായ വൈവാഹിക വിചാരണയായി ജീവനാംശക്കേസിനെ കാണുന്നത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിസ്സഹായതയും പട്ടിണിയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് സെക്ഷൻ 125 എന്നും കോടതി ഓർമ്മിപ്പിച്ചു.


സ്വന്തമായി വരുമാനമില്ലാത്ത ഒരു സ്ത്രീക്ക് അവളുടെ മാതാപിതാക്കൾ നൽകുന്ന സഹായം താൽക്കാലികമാണ്. അത് ഭർത്താവിന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പകരമാകില്ല. ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാൻ കേവലമായ സംശയങ്ങളുടെയോ സ്വഭാവഹത്യയുടെയോ അടിസ്ഥാനം പോര. ഇത് ചൂണ്ടികാട്ടി ജീവനാംശം നിഷേധിക്കാനാകില്ല. അവൾ വ്യഭിചാരത്തിലാണ് ജീവിക്കുന്നതെന്ന് ആരോപിക്കുമ്പോൾ വ്യക്തമായി തെളിയിക്കണം (Section 125(4) CrPC).


കുട്ടികൾക്ക് ഫാമിലി കോടതി അനുവദിച്ച 3,000 രൂപ ഇന്നത്തെ കാലത്ത് തീർത്തും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ഹൈക്കോടതി പറഞ്ഞു. കുട്ടികളുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, യാത്രാക്കൂലി, മരുന്ന് എന്നിവയ്ക്ക് ഈ തുക തികയില്ല. റിട്ടയേർഡ് സൈനികനായ ഭർത്താവിന് പ്രതിമാസം 21,025 രൂപ പെൻഷൻ ലഭിക്കുന്നുണ്ടെന്നത് കണക്കിലെടുത്ത് ഹൈക്കോടതി ജീവനാംശ തുക പുതുക്കി നിശ്ചയിച്ചു:

  • ഭാര്യയ്ക്ക്: പ്രതിമാസം 5,000

  • രണ്ട് കുട്ടികൾക്ക്: പ്രതിമാസം 4,000 വീതം

  • മൊത്തം തുക: പ്രതിമാസം 13,000 രൂപ ഭർത്താവ് നൽകണം.

ഈ തുക കൃത്യമായി നൽകിയില്ലെങ്കിൽ, ഭർത്താവിന്റെ മിലിട്ടറി പെൻഷനിൽ നിന്ന് നേരിട്ട് ഈടാക്കാൻ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ കോടതി ഭാര്യയ്ക്ക് അനുമതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home