ഓപ്പറേഷൻ സിന്ദൂര്‍: പാക് സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലും ആക്രമണം നടത്തി: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് സൈനിക ആസ്ഥാനമായ റാവൽപിണ്ടിയിലും ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലഖ്‌നൗവിൽ ബ്രഹ്മോസ് ഉൽപാദന യൂണിറ്റ് ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രതികരണം. അതിർത്തിയിലുള്ള പാക് സൈനിക കേന്ദ്രങ്ങളിൽ മാത്രമല്ല ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയത്. പഹൽഗാം ഭീകരാക്രമണം നടത്തിയ ഇന്ത്യാ വിരുദ്ധ ശക്തികൾക്കും ഭീകരവാദികൾക്കും ഇന്ത്യൻ സൈന്യം കടുത്ത മറുപടി നൽകിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഇച്ഛാശക്തിയും സൈനിക ശക്തിയുടെ കഴിവും ദൃഢനിശ്ചയവും ഓപ്പറേഷൻ സിന്ദൂറിൽ പ്രകടമായിരുന്നു. പാകിസ്ഥാനിലെ സാധാരണക്കാരെ ഇന്ത്യ ഒരിക്കലും ലക്ഷ്യംവെച്ചില്ല. എന്നാൽ ഇന്ത്യയിലെ സാധാരണക്കാരുടെ സ്ഥലങ്ങളും, ക്ഷേത്രങ്ങളെയും ഗുരുദ്വാരകളെയും പള്ളികളെയും ലക്ഷ്യംവെച്ച് പാകിസ്ഥാൻ ആക്രമണം നടത്തി. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന്റെ അനന്തരഫലങ്ങൾ ലോകം മുഴുവൻ കണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം, നാലുനാൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഇന്ത്യയും പാകിസ്ഥാനും ശനിയാഴ്ചയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. കര,- വ്യോമ, നാവിക തലത്തിലെ എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും അവസാനിപ്പിച്ച് ശനിയാഴ്‌ച പകൽ അഞ്ചുമുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിൽ എത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം പ്രഖ്യാപിച്ചത്.
വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വിദേശ സെക്രട്ടറി മാർകോ റുബിയോയും ഇത് ശരിവെച്ചു. സൈനികനടപടി മാത്രമാണ് അവസാനിപ്പിച്ചതെന്നും സിന്ധു നദീജല കരാർ മരവിപ്പിച്ചത് അടക്കമുള്ള തീരുമാനങ്ങളിൽ മാറ്റമില്ലെന്നും വിദേശമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. തിങ്കൾ പകൽ 12ന് വെടിനിർത്തൽ കരാർ സംബന്ധിച്ച് സൈനികതലത്തിലെ തുടർചർച്ചയുണ്ടകും.









0 comments