നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണം; സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ ഇന്ത്യ-പാക് നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നർഗീസ് ബഷീർ (40)ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മോർട്ടാർ, പീരങ്കി ഷെല്ലുകൾ പതിച്ച ഉറിയിലെ റസർവാനി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി നർഗീസ് ബഷീറും കുടുംബാംഗങ്ങളും വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
മൊഹുറയിൽ എത്തിയപ്പോൾ വാഹനത്തിൽ ഷെൽ പതിക്കുകയായിരുന്നു. നർഗീസ് ബഷീർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മറ്റ് മൂന്ന് കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ ബാരാമുള്ളയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ (ജിഎംസി) പ്രവേശിപ്പിച്ചു. ഉറിയിലെ തജൽ ഗ്രാമത്തിൽ ഒരു ഷെൽ പതിച്ച് മറ്റൊരാൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഗുൽമാർഗ്, ഉറി, നൗഗാം, കുപ്‍വാര, രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ പാക് സൈന്യം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ജമ്മു, ഉദംപൂർ, സാംബ, അഖ്‌നൂർ, ആർഎസ് പുര എന്നിവിടങ്ങളിലും ആക്രമണം നടക്കുകയാണ്. മൊഹുറ, ജിംഗൽ, റാംപൂർ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. ജിംഗലിൽ കുറഞ്ഞത് 10 വീടുകളെങ്കിലും തകർന്നതായാണ് വിവരം. ഇന്ത്യൻ സായുധ സേന ആക്രമണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അംബാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.









0 comments