നിയന്ത്രണ രേഖയിൽ പാക് വെടിവെപ്പിൽ പരിക്കേറ്റ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ജവാന് വീരമൃത്യു. ഇന്ത്യാ- പാക് വെടിവയ്പ്പിൽ ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായക് (27) ആണ് വീരമൃത്യു വരിച്ചത്. ബുധനാഴ്ച നടന്ന വെടിവയ്പ്പിലാണ് ജവാൻ വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്. മുരളി നായക്കിന്റെ മൃതദേഹം നാളെ ജന്മനാട്ടിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഗൊറാന്റ്ല മണ്ഡലത്തിലെ പുട്ടഗുണ്ടലപള്ളെ കല്ലി തണ്ടയാണ് മുരളി നായകിന്റെ സ്വദേശം. ആദിവാസി ഗ്രാമത്തിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ നിന്നുള്ളയാളാണ് മുരളി എന്ന് പൊലീസ് പറയുന്നു. ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയ സാഹചര്യത്തിലാണ് മുരളി നായക് ഉൾപ്പെടെയുള്ള ജവാന്മാരെ അതിർത്തിയിൽ നിയോഗിച്ചത്.
ആക്രമണത്തിൽ മുരളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിമാന മാർഗം ഡൽഹിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞതായാണ് സൈന്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പൂഞ്ചിൽ നടന്ന ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ 5 ഫീൽഡ് റെജിമെന്റിലെ ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. വൈറ്റ് നൈറ്റ് കോർപ്സ് ആണ് വിവരം പുറത്തുവിട്ടത്.









0 comments