12-ാം രാത്രിയും ആക്രമണം തുടർന്ന് പാകിസ്ഥാൻ; ശക്തമായി തിരിച്ചടി നൽകി ഇന്ത്യ

jammu attack

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on May 06, 2025, 08:28 AM | 1 min read

ശ്രീന​ഗർ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ തുടരുകയാണ്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ആവർത്തിച്ചു. വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയെക്കുറിച്ച് ഇസ്ലാമാബാദിന്റെ അഭ്യർഥന മാനിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ കൂടിയാലോചനകൾ ആരംഭിച്ചിരുന്നു.


ഈ സാഹചര്യത്തിലും നിയന്ത്രണ രേഖയിൽ തുടർച്ചയായി 12-ാം രാത്രിയും അതിർത്തി കടന്നുള്ള വെടിവയ്പ്പ് തുടർന്നു. ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ എന്നീ സെക്ടറുകളിലാണ് പാക് സൈന്യം പ്രകോപനമില്ലാതെ ചെറു ആയുധങ്ങൾ ഉപയോ​ഗിച്ച് വെടിവയ്പ്പ് നടത്തിയത്. ഇന്ത്യൻ സൈന്യ ശക്തമായി പ്രതിരോധിച്ചതായും തിരിച്ചടിച്ചതായും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.


ജമ്മു കശ്മീരിലെ ഏഴ് അതിർത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്പ്പ് നടക്കുന്നത്. സാംബ, കത്വ ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇതുവരെ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല. 2021 ഫെബ്രുവരിയിൽ ഒപ്പിട്ട വെടിനിർത്തൽ കരാറിനെ കൂടുതൽ ദുർബലപ്പെടുത്തുന്ന തരത്തിലാണ് അതിർത്തി കടന്നുള്ള ഏറ്റവും പുതിയ വെടിവയ്പ്പ്. 740 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ പതിവായി വെടിനിർത്തൽ കരാറിന്റെ ലംഘനം നടത്തുകയാണ്.


പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് ശേഷം അതിർത്തിയിൽ സംഘർഷം രൂക്ഷമായിരുന്നു. ഏപ്രിൽ 24 രാത്രി മുതൽ - പാകിസ്ഥാൻ സൈന്യം കശ്മീർ താഴ്‌വരയിൽ ജമ്മു മേഖലയിലേക്കും നിയന്ത്രണരേഖയിലെ ഇന്ത്യൻ സെക്ടറുകൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിരുന്നു.


ഏപ്രിൽ 22നാണ്‌ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന പഹൽ​ഗാമിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. വിനോദസഞ്ചാരികളടക്കം 26 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിന്‌ പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധുനദീജല കരാറടക്കം റദ്ദാക്കുകയും ഇന്ത്യയിലുള്ള പാക് പൗരൻമാർ രാജ്യം വിട്ട് പോകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ നടപടികൾക്ക്‌ പിന്നാലെയാണ്‌ പാക്‌ പ്രകോപനം.




deshabhimani section

Related News

View More
0 comments
Sort by

Home