വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും തര്‍ക്കവിഷയങ്ങള്‍ ബാക്കി

ന്യൂഡൽഹി
: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും മറ്റ് തർക്കവിഷയങ്ങളുടെ കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനനെതിരായി പല നടപടികളിലേക്കും ഇന്ത്യ കടന്നിരുന്നു. സിന്ധു നദീ ശ-ൃംഖലയിലെ ജലം പങ്കുവയ്‌ക്കുന്നതിനുള്ള കരാർ അസാധുവാക്കിയതാണ് ആദ്യ നടപടി. തുടർന്ന് പാക് വിമാനങ്ങൾക്ക് പ്രവേശനം വിലക്കി ഇന്ത്യൻ വ്യോമമേഖല അടച്ചു.
പാക് പൗരൻമാരോട് രാജ്യം വിടാൻ നിശ്‌ചിത സമയം നിശ്‌ചയിച്ച് അന്ത്യശാസനം നൽകി.
അതിർത്തികൾ അടച്ചു. വ്യാപാരബന്ധം പൂർണമായും അവസാനിപ്പിച്ചു. പാക് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. തപാൽ ബന്ധവും മരവിപ്പിച്ചു. പാക് കേന്ദ്രീകരിച്ചുള്ള ഒട്ടനവധി സമൂഹമാധ്യമ അക്കൗണ്ടുകൾ വിലക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പാക് സിനിമകളും സീരിയലുകളും പാട്ടുകളും നീക്കി. ഇങ്ങനെ പലവിധ നടപടികൾക്കൊപ്പമാണ് സൈനിക നടപടിയിലേക്ക് കൂടി നീങ്ങിയത്.
ഇന്ത്യ എടുത്ത നടപടികളെല്ലാം അതേ നിലയിൽ പാകിസ്ഥാനും പിന്തുടർന്നു.
ഒരു പടി കൂടി കടന്ന് നിയന്ത്രണരേഖയെ മാനിക്കുന്ന ഷിംലാ കരാർ റദ്ദാക്കിയതായി കൂടി പാകിസ്ഥാൻ പ്രഖ്യാപിച്ചു. പഹൽഗാമിന് ശേഷം ഇന്ത്യയും പാകിസ്ഥാനുമായുള്ള തർക്കവിഷയങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണുണ്ടായത്. ഈ വിഷയങ്ങൾക്ക് എങ്ങനെ പരിഹാരമാകുമെന്ന ചോദ്യം ശേഷിക്കുന്നു. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ചില ഉറപ്പുകളിലേക്ക് പാകിസ്ഥാൻ നീങ്ങിയാൽ മാത്രമാണ് ഒത്തുതീർപ്പുകൾക്ക് വഴിതുറക്കുക. പഹൽഗാം സംഭവത്തിൽ ഏതെങ്കിലും അന്താരാഷ്ട്ര ഏജൻസിയുടെ അന്വേഷണവുമായി സഹകരിക്കാമെന്ന് പാക് നേതൃത്വം നേരത്തെ പറഞ്ഞിരുന്നു.
ഇതിനോട് ഇന്ത്യ യോജിച്ചിട്ടില്ല. എന്തായാലും തിങ്കളാഴ്‌ച സൈനികതലത്തിലുള്ള തുടർചർച്ചകൾ നിര്‍ണായകമാണ്. ഞായറാഴ്ച രാവിലെ പ്രതിരോധ മന്ത്രാലയത്തിൽ സേനാ തലവൻമാർ യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം മാധ്യമ സമ്മേളനവും വിളിച്ചിട്ടുണ്ട്.










0 comments