ad
Deshabhimani

മഞ്ഞുവീഴ്ചയിൽ ഉടമ മരിച്ചു, മൃതദേഹത്തിന് സമീപം പിറ്റ്‌ബുൾ നായ കാവലിരുന്നത് നാല് ദിവസം

pitbull
വെബ് ഡെസ്ക്

Published on Jan 27, 2026, 04:13 PM | 1 min read

ഹിമാചൽ പ്രദേശ്: കഠിനമായ മഞ്ഞുവീഴ്ചയെയും തണുത്തുറഞ്ഞ താപനിലയെയും അതിജീവിച്ച്, തന്റെ ഉടമയുടെ മൃതദേഹത്തിനരികെ കാവലായി പിറ്റ്ബുൾ ഇരുന്നത് നാല് ദിവസം. ഹിമാചലിലെ ചമ്പാ ജില്ലയിലെ ഭർമൗർ മേഖലയിൽ മരണപ്പെട്ട ഉടമയുടെ അടുത്ത് നായ കാവലിരുന്ന വാർത്ത പുറം ലോകത്തെ അറിയിച്ചത് രക്ഷപ്രവർത്തകരാണ്.


പ്രദേശത്ത് മഞ്ഞുവീഴ്ച ശക്തമായതിനെ തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് താമസിച്ചിരുന്ന വ്യക്തിയെ കുറിച്ച് വിവരമില്ലാതായതോടെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഉടമയെ മരിച്ച നിലയിൽ കണ്ടെത്തുകയും മൃതദേഹത്തിന് സമീപം നായ കാവലായി നിൽക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. രക്ഷാ സംഘം മൃതദേഹത്തനടുത്ത് എത്തിയപ്പോൾ നായ ആദ്യം ആക്രമണകാരിയായി. അപരിചിതർ ആരോ ഉടമയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി നായയ്ക്ക് തോന്നി. നിരന്തരമായ പരിശ്രമത്തിനും, സൗമ്യമായ ഇടപെടലിനും ശേഷം രക്ഷാ പ്രവർത്തകർ തങ്ങളെ സഹായിക്കാൻ വന്നതാണെന്ന് മനസിലാക്കി നായ മാറി നിന്നു.


നാല് ദിവസം ഭക്ഷണം കഴിക്കാനോ ആ സ്ഥലത്ത് നിന്ന് മാറാനോ നായ തയ്യാറായില്ല. തണുത്തുറഞ്ഞ കാറ്റിനെയും മഞ്ഞുവീഴ്ചയെയും ചെറുത്ത് കാവൽ നിൽക്കുകയാണുണ്ടായത്. കഠിനമായ കാലാവസ്ഥയിൽ നിന്ന് മാത്രമല്ല, പ്രദേശത്ത് ചുറ്റിത്തിരിയുന്ന വന്യമൃഗങ്ങളിൽ നിന്നും ഉടമയുടെ ശരീരത്തെ സംരക്ഷിച്ചു നിറുത്താൻ ആ വളർത്തുമൃ​ഗത്തിനായി. നായയും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ അപൂർവ ഉദാഹരണമായാണ് പലരും ഈ സംഭവത്തെ കാണുന്നത്. മരണത്തെ പോലും മറികടക്കുന്ന വിശ്വസ്തതയും സ്നേഹവും കാണിക്കാൻ മൃ​ഗങ്ങൾക്ക് കഴിയുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home