സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന് എന്താണ് പങ്ക്? വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഛത്രപതി സംഭാജിനഗർ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് വഹിച്ച പങ്കിനെ ചോദ്യം ചെയ്ത് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ആർഎസ്എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാർ ജയിലിൽ പോയത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനല്ല, മറിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു.
ഛത്രപതി സംഭാജിനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ജയിലിൽ പോയ ഏതെങ്കിലും ഒരു ആർഎസ്എസ് നേതാവിന്റെ പേര് പറയാമോ എന്ന് ഒവൈസി വെല്ലുവിളിച്ചു. ഹെഡ്ഗേവാർ തടവിലായതിനെക്കുറിച്ച് അവർ പറയുന്നുണ്ട്.
എന്നാൽ അദ്ദേഹം ജയിലിൽ പോയത് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിനാണ്. ഇന്ന് അവർ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പ്രകാത്തരിപ്പിക്കുകയാണെന്നും ഒവൈസി പറഞ്ഞു. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ആർഎസ്എസിൽ നിന്നുള്ള ആരെങ്കിലും ജീവൻ ബലികഴിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 'ക്വിറ്റ് ഇന്ത്യ', 'സൈമൺ ഗോ ബാക്ക്' എന്നീ വിശ്വപ്രസിദ്ധമായ മുദ്രാവാക്യങ്ങൾ നൽകിയത് യൂസഫ് മെഹറലി എന്ന മുസ്ലീം നേതാവാണെന്ന് ഒവൈസി ഓർമ്മിപ്പിച്ചു. യഥാർത്ഥ ചരിത്രം വായിക്കാത്തവരാണ് തങ്ങളെ ബംഗ്ലാദേശികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്.
കേന്ദ്രസർക്കാരിന് കീഴിൽ എല്ലാ സംവിധാനങ്ങളുണ്ടായിട്ടും ബംഗ്ലാദേശ് അതിർത്തിയിൽ പത്ത് കിലോമീറ്റർ വേലി പൂർത്തിയാക്കാൻ പോലും ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ജനങ്ങളുടെ പൗരത്വം ചോദ്യം ചെയ്യാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments