print edition മൂന്ന് വര്‍ഷത്തില്‍ വിമാനങ്ങളിൽ 2,420 ഗുരുതര സാങ്കേതിക തകരാര്‍

ന്യൂഡൽഹി: മൂന്നുവർഷത്തിനിടെ രാജ്യത്തെ വിമാന സർവീസുകളിൽ റിപ്പോർട്ട് ചെയ്തത് 2,420 ഗുരുതര സാങ്കേതിക തകരാറുകളെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ. ഇതിൽ 2,197 എണ്ണവും ആഭ്യന്തര സർവീസുകളിലാണ്. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇൗ വിവരങ്ങൾ.
2023–26 കാലയളവിൽ എയർ ഇന്ത്യ വിമാനങ്ങളിലാണ് കൂടുതൽ തകരാറുകൾ റിപ്പോർട്ട് ചെയ്തത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളിൽ ആകെ 984 തവണ തകരാറുകളുണ്ടായി. ആകാശ എയറിൽ 744 തവണയും ഇൻഡിഗോയിൽ 306 തവണയും തകരാറുണ്ടായി. 2026ൽ മാത്രം റിപ്പോർട്ട് ചെയ്തത് 352 ഗുരുതര തകരാറുകളാണ്. ജൂൺ വരെയുള്ള കണക്കാണിത്. 2024 ജനുവരി മുതൽ 2026 ജൂൺ വരെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ വിമാനകന്പനികൾക്ക് സുരക്ഷാലംഘനങ്ങൾ ചൂണ്ടിക്കാട്ടി നൽകിയത് 382 കാരണം കാണിക്കൽ നോട്ടീസാണ്. എന്നിട്ടും 2023 മുതൽ 2025 വരെ 51 തവണ മാത്രമാണ് സർക്കാർ ശിക്ഷാനടപടികൾ സ്വീകരിച്ചത്.
രാജ്യത്തെ വ്യോമയാന സുരക്ഷയുടെ ആശങ്കാജനകമായ ചിത്രമാണ് പുറത്തുവന്നതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കണ്ടെത്തിയ നിയമലംഘനങ്ങളുടെയും വീഴ്‌ചകളുടേയും എണ്ണം, അതിന് ഉത്തരവാദികളായ സ്ഥാപനങ്ങളുടെ വിവരം എന്നിവയൊന്നും വെളിപ്പെടുത്താതെ എല്ലാ വീഴ്ചകളും "പരിഹരിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്’ എന്ന് മാത്രമാണ് കേന്ദ്രം അറിയിച്ചതെന്നും ബ്രിട്ടാസ് പറഞ്ഞു.










0 comments