Deshabhimani

print edition പാർലമെന്റ്‌ സമ്മേളനം ദുഷ്ടലാക്ക്; മണ്ഡല പുനർനിർണയ നീക്കത്തിൽ രൂക്ഷവിമർശനം

parliament
avatar
സ്വന്തം ലേഖകൻ

Published on Nov 28, 2026, 01:30 AM | 2 min read

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി വെറും മൂന്നുദിവസത്തെ നോട്ടീസിൽ പാർലമെന്റ്‌ സമ്മേളനം വിളിച്ച കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷ പാർടികൾ. മണ്ഡല പുനർനിർണയ നീക്കം ജനാധിപത്യ പ്രാതിനിധ്യത്തെയും രാഷ്ട്രീയ സന്തുലിതാവസ്ഥയെയും അട്ടിമറിക്കുന്നതുമായിരിക്കുമെന്ന്‌ പ്രതിപക്ഷ പാർടികൾ പ്രതികരിച്ചു.


ഇതിന്റെ മറവിൽ ഭരണകക്ഷിക്ക്‌ ഭൂരിപക്ഷം കൃത്രിമമായി കിട്ടുംവിധം മണ്ഡലങ്ങളുടെ കൂട്ടിച്ചേർക്കലും ലയിപ്പിക്കലും പിടിച്ചെടുക്കലുമാകും നടക്കുകയെന്ന്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ പറഞ്ഞു. ഭരണഘടനയ്‌ക്കുനേരെയുള്ള ആക്രമണമാണിത്‌. അതുകൊണ്ടാണ്‌ ബിൽ പാസാക്കുന്നതിനായി തിടുക്കത്തിൽ പാർലമെന്റ്‌ വിളിച്ചുചേർക്കുന്നതിനുള്ള തീരുമാനം ഭരണഘടനാ ദിനത്തിൽ തന്നെയെടുത്തത്‌. ജനവിധി അംഗീകരിക്കുകയെന്നതാണ്‌ ഭരണഘടനയുടെ അന്തസത്ത. ജനവിധിയുടെ അടിസ്ഥാനത്തിലാകണം സർക്കാരുകളുടെ രൂപീകരണം. ഇവിടെ ജനവിധി സൃഷ്ടിച്ചെടുക്കാനാണ്‌ നീക്കം. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമായി ഇത്‌ മാറുമെന്നും ബ്രിട്ടാസ്‌ പറഞ്ഞു.


ഭരണകക്ഷിക്ക്‌ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിക്കാൻ കഴിയുംവിധം മണ്ഡലങ്ങളുടെ അതിരുകൾ കൃത്രിമമായി പുനർനിർണയിക്കാനാണ്‌ നീക്കമെന്ന്‌ ആർജെഡി രാജ്യസഭാംഗം മനോജ്‌ ഝാ പറഞ്ഞു. അസമിലും ജമ്മു–കശ്‌മീരിലുമൊക്കെ അത്‌ സംഭവിച്ചു. ഇപ്പോൾ മോദിയുടെയും അമിത്‌ ഷായുടെയും താൽപ്പര്യങ്ങൾക്ക്‌ അനുസൃതമായി രാജ്യവ്യാപകമായി ഇത്‌ നടപ്പാക്കപ്പെടാനാണ്‌ നീക്കമെന്നും ഝാ പറഞ്ഞു.


വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി കേന്ദ്രസർക്കാർ ബന്ധപ്പെടുത്തിയത്‌ തന്നെ ദുരുദ്ദേശ്യത്തോടെയാണെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ പി ചിദംബരം പറഞ്ഞു. വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതിയിൽ അനാവശ്യമായി 334 എ അനുച്ഛേദം ഉൾച്ചേർത്തു. ഇ‍ൗ അനുച്ഛേദം രണ്ട്‌ തടസ്സങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. ഒന്ന്‌, സെൻസസ്‌, രണ്ട്‌ സെൻസസിന്‌ ശേഷമുള്ള മണ്ഡല പുനർനിർണയം. 334 എ ഒഴിവാക്കിയാൽ വനിതാസംവരണം സ്വഭാവികമായും നിലവിൽ വരുമെന്നും ചിദംബരം പറഞ്ഞു. കപിൽ സിബൽ, സാഗരിക ഘോഷ്‌, സഞ്‌ജയ്‌ റ‍ൗത്ത്‌ തുടങ്ങിയ രാജ്യസഭാംഗങ്ങളും സർക്കാർ നീക്കത്തെ വിമർശിച്ചു.


സഭചേരാൻ 
നടപടി തുടങ്ങി


മണ്ഡല പുനർനിർണയ ബിൽ പരിഗണിക്കുന്നതിനായി തിങ്കളാഴ്‌ച ലോക്‌സഭയും ബുധനാഴ്‌ച രാജ്യസഭയും വിളിച്ചുചേർക്കാൻ സ്‌പീക്കർ ഓം ബിർളയും രാജ്യസഭാധ്യക്ഷൻ സി പി രാധാകൃഷ്‌ണനും നിർദേശം നൽകി. സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ്‌ നിർദേശം. രാഷ്ട്രപതി 106 ദിവസങ്ങൾക്ക്‌ മുമ്പ്‌ അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞ വർഷകാല സമ്മേളനം രാഷ്ട്രപതി ഒ‍ൗദ്യോഗികമായി അവസാനിപ്പിക്കാത്തതിനാൽ ആ സമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ്‌ ഇരുസഭകളും ചേരുന്നത്‌.


ലോക്‌സഭയിലെ കക്ഷിനില


നിലവിൽ ലോക്‌സഭയിലെ അംഗബലം 540 ആണ്‌. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തിന്‌ 360 പേരുടെ പിന്തുണ ആവശ്യമാണ്‌. 
• എൻഡിഎ (തൃണമൂൽ വിമതർ അടക്കം)– 322 
• ഇന്ത്യ കൂട്ടായ്‌മ (എൻസിപി ശരദ്‌ പവാർ പക്ഷത്തെ കൂട്ടാതെ)– 175.


ബിജെപി പിന്തുണ പ്രതീക്ഷിക്കുന്നത്‌


എൻസിപി ശരത്‌ പവാർ– 8, ഡിഎംകെ– 22, വൈഎസ്‌ആർസിപി– 4. ഇ‍ൗ മൂന്ന്‌ പാർടികൾ പിന്തുണച്ചാൽ എൻഡിഎ അംഗബലം 356 ൽ എത്തും.


എഎപി– 3, ഇസഡ്‌പിഎം– 1, എഎസ്‌പി–1, എഐഎംഐഎം– 1, സ്വതന്ത്രർ–3 എന്നിങ്ങനെയാണ് മറ്റ്‌ കക്ഷികളുടെ നില. ഏപ്രിലിൽ ബിൽ വന്നപ്പോൾ 528 എംപിമാർ വോട്ടുചെയ്‌തു. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തിന്‌ 352 വോട്ട്‌ ആവശ്യമായിരുന്നു. ബില്ലിന്‌ അനുകൂലമായി ലഭിച്ചത്‌ 298 വോട്ട്‌ മാത്രം. 230 പേർ എതിർത്തു. 11 പേർ വിട്ടുനിന്നു. 54 വോട്ടിനാണ്‌ ബില്ല്‌ പരാജയപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supplyco

03

print edition സപ്ലൈകോയിലും നിയമന അട്ടിമറി; എഎസ്‌എം തസ്‌തികയിൽ യോഗ്യത പരിമിതപ്പെടുത്തുന്നു
Haripad PS

04

print edition ഹരിപ്പാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ മതാഘോഷം: അന്വേഷണത്തിന്‌ ഉത്തരവ്‌
deshabhimani section

Recommended

Deshabhimani
Home