ad
Deshabhimani

print edition ഗ്യാനേഷ്‌ ഹഠാവോ; രാജ്യം തെരുവിൽ

delhi police action against mps
വെബ് ഡെസ്ക്

Published on Sep 26, 2026, 01:30 AM | 1 min read

ന്യൂഡൽഹി : ​സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പെന്ന സങ്കൽപ്പം അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഗ്യാനേഷ്‌ കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന ആവശ്യമുന്നയിച്ച്‌ പാർലമെന്റിന്‌ അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ തീരുമാനം. ഇതിന്റെ ഭാഗമായി ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലോക്‌സഭയിലും രാജ്യസഭയിലും പുതിയ നോട്ടീസ്‌ നൽകും. ഇ‍ൗ നോട്ടീസിൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ അക്കമിട്ട്‌ നിരത്തും. നിയമവിദഗ്‌ധരുടെ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ ശേഷം പരമാവധി എംപിമാരുടെ ഒപ്പുകൾ ശേഖരിച്ച്‌ ഇരുസഭകളിലും നോട്ടീസ്‌ സമർപ്പിക്കും. ഗ്യാനേഷിനെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 73 അംഗങ്ങൾ ഒപ്പിട്ട നോട്ടീസ്‌ നിലവിൽ രാജ്യസഭാ അധ്യക്ഷന്റെ പരിഗണനയിലുണ്ട്‌. അതിനുമുന്പ്‌ ഇരുസഭകളിലും നൽകിയ നോട്ടീസ്‌ ലോക്‌സഭാ സ്‌പീക്കറും രാജ്യസഭാ അധ്യക്ഷനും കാരണങ്ങൾ വ്യക്തമാക്കാതെ തള്ളിയത്‌ വിവാദമായിരുന്നു. ഇ‍ൗ ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷം ആറ്‌ മാസത്തിനിടെ മൂന്നാംതവണയാണ്‌ നോട്ടീസ്‌ നൽകുന്നത്‌.


ഗ്യാനേഷിനെ പുറത്താക്കണമെന്നും എസ്‌ഐആർ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട്‌ അഞ്ച്‌ ഇടതുപക്ഷ പാർടികൾ ശനിയാഴ്‌ച മുതൽ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ഒക്ടോബർ രണ്ട്‌ വരെ നീളുന്ന പ്രക്ഷോഭപരിപാടികളിൽ ബിജെപി ഇതര കക്ഷികളും ജനാധിപത്യവാദികളും അണിനിരക്കും. ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ നിന്നും സമരം തുടങ്ങാനാണ്‌ കോക്രോച്ച്‌ ജനതാ പാർടിയുടെ (സിജെപി) തീരുമാനം. മുംബൈയിൽ നിന്നും തുടങ്ങുന്ന പ്രക്ഷോഭം ക്രമേണ മറ്റ്‌ പ്രധാനനഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ‘ജന്തർമന്തർ 2.0’ എന്നാണ്‌ ഇ‍ൗ പ്രക്ഷോഭത്തെ സിജെപി വിശേഷിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home