ad
Deshabhimani

print edition ‘വെനസ്വേലയെ തകർക്കരുത്‌’ ; അമേരിക്കയോട്‌ ഇന്ത്യയിലെ പ്രതിപക്ഷം

m a baby

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ ഡൽഹി സുർജിത്‌ ഭവനിൽ പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടന്ന ജനസഭയിൽ 
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 13, 2026, 03:15 AM | 2 min read


ന്യൂഡൽഹി

​എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ട് വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ അമേരിക്കൻ നവസാമ്രാജ്യത്വ ധാർഷ്‌ട്യത്തിന്‌ എതിരെ ശക്തമായി പ്രതിഷേധിച്ച്‌ രാജ്യത്തെ പ്രതിപക്ഷ പാർടികൾ. ‘വെനസ്വേലയെ തകർക്കരുത്’ എന്ന മുദ്രാവക്യമുയർത്തി സുർജിത്‌ ഭവനിൽ നടത്തിയ ജനസഭയിൽ കോൺഗ്രസ്‌ ഒഴികെയുള്ള പ്രധാന പ്രതിപക്ഷ പാർടികളെല്ലാം അണിനിരന്നു. ലോക പ്രസിഡന്റെന്ന അഹംഭാവത്തിൽ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ നടത്തുന്ന അധിനിവേശങ്ങളെ ജനസഭ ര‍ൂക്ഷമായി വിമർശിച്ചു. ട്രംപിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ വിമർശിക്കാൻ ധൈര്യപ്പെടാത്ത മോദിസർക്കാരിന്റെ സാമ്രാജ്യത്വദാസ്യ മനോഭാവത്തെയും അപലപിച്ചു. മഡുറോയെയും ഭാര്യയെയും നിരുപാധികം മോചിപ്പിക്കണമെന്ന പ്രമേയം പാസാക്കി.


ട്രംപ്‌ ഓരോ ദിവസവും തനിക്ക്‌ ആക്രമിച്ച്‌ കീഴടക്കാനുള്ള രാജ്യങ്ങളുടെ പട്ടിക വലുതാക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ക്യൂബ, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾക്ക്‌ ഭീഷണിയുണ്ട്‌. ധാതുസന്പുഷ്‌ടമായ ഗ്രീൻലാൻഡിലും കണ്ണുവെച്ചിട്ടുണ്ട്‌. വെനസ്വേല വിഷയത്തിൽ മോദി സർക്കാരിന്റെ നിലപാട്‌ ഇന്ത്യയിലെ ജനങ്ങളുടെ നിലപാടല്ല. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ചെറുത്തുതോൽപ്പിച്ച ഇന്ത്യക്കാർക്ക്‌ എങ്ങനെ നവസാമ്രാജ്യത്വത്തെ പിന്തുണയ്‌ക്കാനാകുമെന്നും ബേബി ചോദിച്ചു.


വെനസ്വേലയ്‌ക്ക്‌ സംഭവിച്ചത്‌ നാളെ ഏത്‌ രാജ്യത്തിനും സംഭവിക്കാമെന്ന്‌ സിപിഐ എം മുതിർന്ന നേതാവ്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിക്കുന്ന കീഴ്‌വഴക്കം വെനസ്വേല വിഷയത്തിൽ കേന്ദ്രസർക്കാർ തെറ്റിച്ചെന്ന്‌ കാരാട്ട്‌ ചൂണ്ടിക്കാട്ടി.


സിപിഐ ജനറൽസെക്രട്ടറി ഡി രാജ, സിപിഐ എംഎൽ പിബി അംഗം രവി റായ്‌, ആർഎസ്‌പി കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം ആർ എസ്‌ ദാഗർ, ഫോർവേർഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ, വിടുതലെ ചിരുതൈ കക്ഷി നേതാവ്‌ തൊൽ. തിരുമാവളവൻ, ഡിഎംകെ എംപി തിരുച്ചിശിവ, എഎപി എംപി സന്ദീപ്‌ പഥക്‌, പ്രൊഫ. സോണിയ ഗുപ്‌ത തുടങ്ങിയവർ സംസാരിച്ചു.


സമാജ്‌വാദി പാർടി എംപി ജാവേദ്‌ അലിഖാൻ, ആർജെഡി എംപി മനോജ്‌ ഝാ എന്നിവരുടെ സന്ദേശങ്ങൾ വായിച്ചു. സിപിഐ എം പിബി അംഗം ആർ അരുൺകുമാർ സ്വാഗതം പറഞ്ഞു. ക്യൂബൻ സ്ഥാനപതി ജുവാൻ കാർലോസ്‌ മാർസൺ, വെനസ്വേലൻ എംബസി പ്രതിനിധി ആൽഫ്രെഡോ കാൽഡെറാ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home