ad
Deshabhimani

print edition അമിത്‌ ഷാ വാ തുറക്കണം; പാർലമെന്റിൽ ആഞ്ഞടിച്ച്‌ പ്രതിപക്ഷം

Amit Shah

അമിത്‌ ഷാ

avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 12:00 AM | 2 min read

ന്യൂഡൽഹി: ​പ്രതിഷേധിച്ച വിദ്യാർഥികളെ അടിച്ചമർത്താൻ ഉത്തരവിട്ട ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വിശദീകരണമാവശ്യപ്പെട്ട്‌ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷപ്രതിഷേധം തുടരുന്നു. ഡൽഹി പൊലീസിനെയും കേന്ദ്രസേനകളെയും കയറൂരിവിട്ട അമിത്‌ഷാ കുറ്റകരമായ മ‍ൗനം പുലർത്തുകയാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ഇരുസഭകളിലും പ്രതിഷേധമുയർന്നു. രാജ്യസഭയിൽ പൊതുപരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബില്ലിന്റെ ചർച്ചാവേളയിലും അമിത്‌ഷായ്‌ക്കെതിരെ ആഞ്ഞടിച്ചു. ഇരുസഭകളിലെയും നടപടികൾ പലവട്ടം തടസ്സപ്പെട്ടു.


‘വിദ്യാർഥിവേട്ടയ്‌ക്ക്‌ ഉത്തരവിട്ടത്‌ ആര്‌?’ – ബാനറുയർത്തി പാർലമെന്റ്‌ കവാടത്തിലും പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്താതെ ഒളിച്ചുകളി തുടരുന്നു. എസി മുറികളിലിരുന്ന്‌ കുട്ടികളെ തല്ലിച്ചതയ്‌ക്കാൻ ഉത്തരവിട്ട ശേഷം ആഭ്യന്തരമന്ത്രി ഉത്തരവാദിത്വമേറ്റെടുക്കാതെ ഒളിച്ചോടുകയാണെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ‘എസി മുറിയിൽനിന്ന്‌ നിങ്ങളെ വലിച്ചു പുറത്തിടുമെന്ന’ ഖാർഗെയുടെ പരാമർശത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തി. രാജ്യത്തെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും കേന്ദ്രസർക്കാരിനോടുള്ള കനത്തരോഷം പ്രതിഫലിപ്പിക്കുന്നതാണ്‌ തന്റെ പരാമർശമെന്ന്‌ ഖാർഗെ വിശദീകരിച്ചെങ്കിലും എൻഡിഎ അംഗങ്ങൾ കോലാഹലമുണ്ടാക്കി.


പൊലീസ്‌ അതിക്രമം സ്വതന്ത്ര ജുഡീഷ്യൽ കമീഷനെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന ആവശ്യം സഭാനടപടികൾ നിർത്തിവച്ച്‌ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസ്‌ നോട്ടീസ്‌ നൽകി. വിദ്യാർഥികൾക്കെതിരായ പൊലീസ്‌ അതിക്രമവും എകെജി ഭവനിലെ ഡൽഹി പൊലീസിന്റെ അതിക്രമവും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ വി ശിവദാസൻ എംപി നോട്ടീസ്‌ നൽകി. വന്ദേമാതരത്തെ അവഹേളിക്കൽ ക്രിമിനൽക്കുറ്റമാക്കുന്ന നിയമഭേദഗതി ലോക്‌സഭ ശബ്‌ദവോട്ടിൽ പാസാക്കി.


രാമക്ഷേത്ര 
കാണിക്കക്കൊള്ളയിലും പ്രതിഷേധം


​അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക കൊള്ളയിലും കേന്ദ്രസർക്കാർ വിശദീകരണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷം രംഗത്തിറങ്ങി. ‘കാണിക്കക്കൊള്ളക്കാർ മറുപടി പറയണം’ ബാനർ ഉയർത്തി കവാടത്തിൽ പ്രതിഷേധിച്ചു. സമാജ്‌വാദി പാർടി എംപി ഡിംപിൾ യാദവിന്റെ നേതൃത്വത്തിൽ കാണിക്കവഞ്ചിയിൽ പണമിട്ടും പ്രതിഷേധം രേഖപ്പെടുത്തി. ‘യുപി സർക്കാരിന്റെ അന്വേഷണം വെറും കണ്ണിൽപൊടിയിടലാണ്‌’– ഡിംപിൾ യാദവ്‌ പറഞ്ഞു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകും.


പരീക്ഷാനടത്തിപ്പ്‌ സംവിധാനം തകർത്തു: ബ്രിട്ടാസ്‌


ന്യൂഡൽഹി: ​രാജ്യത്തെ പരീക്ഷാനടത്തിപ്പ്‌ സംവിധാനത്തെ ദുർബലപ്പെടുത്തിയ കേന്ദ്രസർക്കാരാണ്‌ കോടിക്കണക്കിന്‌ യുവജനങ്ങളുടെ ഭാവിസ്വപ്‌നങ്ങളെ തകർത്ത ചോദ്യപേപ്പർ ചോർച്ചയ്ക്ക്‌ കാരണമെന്ന്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌. പുതിയ നിയമഭേദഗതിയിലൂടെ ചോർച്ച തടയുമെന്നാണ്‌ അവകാശപ്പെടുന്നത്‌. രണ്ടുവർഷം മുന്പ്‌ ഇതേ വാദമുന്നയിച്ച്‌ കൊണ്ടുവന്ന നിയമം പ്രാബല്യത്തിലായശേഷം ചോദ്യപേപ്പർ ചോർച്ച വർധിച്ചു. അന്ന്‌ ഡോ. കെ രാധാകൃഷ്‌ണൻ സമിതി നൽകിയ ശുപാർശകൾ പൊടിപിടിച്ച്‌ കിടക്കുന്പോഴാണ്‌ നന്ദൻ നിലേക്കനി അധ്യക്ഷനായി പുതിയ സമിതി രൂപീകരിച്ചത്‌. സംവിധാനത്തെ ബാധിച്ച ഗുരുതരരോഗങ്ങൾ ചികിത്സിക്കാൻ സർക്കാർ തയ്യാറാല്ല. ചില്ലറ രോഗലക്ഷണങ്ങളെ മാത്രം ചികിത്സിച്ച്‌ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിയുകയാണ്‌– ബില്ലിന്റെ ചർച്ചയിൽ ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി.


വിദ്യാഭ്യാസ, പരീക്ഷാ സംവിധാനത്തെ തകർക്കുന്ന നിലപാടാണ്‌ വർഷങ്ങളായി കേന്ദ്രസർക്കാർ പിന്തുടരുന്നത്‌. കൂണുകൾ പോലെ മുളയ്ക്കുന്ന കോച്ചിങ്ങ്‌ കേന്ദ്രങ്ങൾ കൊള്ളലാഭമുണ്ടാക്കാനായി തമ്മിലടിക്കുന്നു. 1.40 ലക്ഷം കോടി രൂപയാണ്‌ കോച്ചിങ് വ്യവസായത്തിന്റെ വാർഷികാദായം. ജന്തർമന്തറിൽ സമരത്തിനിറങ്ങിയവർ ചൈനയിലോ ഓസ്‌ട്രേലിയയിലോനിന്നു വന്നവരാണെന്ന്‌ ആരോപിച്ചാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല. നേതാക്കൾ നേരിട്ട്‌ പാർലമെന്റിലെത്തി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്‌. എന്നാൽ, പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിനെയാണ്‌ പാർലമെന്റായി കാണുന്നത്‌. അർധരാത്രി ടെലിപ്രോംപ്‌റ്റർ നോക്കി പ്രസംഗിച്ചാൽ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല– ബ്രിട്ടാസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home