വളർന്ന് പടർന്ന് ഡ്രാഗൺ ഫ്രൂട്ട്

ബേഡകം ചെമ്പക്കാട്ടെ കർഷകൻ എം ചന്ദ്രശേഖരന്റെ വീട്ടുപരിസരത്തെ ഡ്രാഗൺ ഫ്രൂട്ട് കൃഷി തോട്ടത്തിൽ
ഡി വിൻലാൽ
Published on Jul 31, 2026, 02:00 AM | 1 min read
ബേഡകം
കാണാൻ മനോഹരവും ആരോഗ്യഗുണങ്ങളിൽ മുന്നിലുമായ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ബേഡകം ചെമ്പക്കാട്ടെ കർഷകൻ എം ചന്ദ്രശേഖരൻ. മെക്സിക്കോയിലും മധ്യ അമേരിക്കയിലും കണ്ടുവരുന്ന ഈ വിദേശി പഴവർഗ്ഗം ഇപ്പോൾ ചെമ്പക്കാട്ടെ അദ്ദേഹത്തിന്റെ വീട്ടുപറമ്പിൽ സമൃദ്ധമായി വളർന്നു പടർന്നുനിൽക്കുകയാണ്. പ്രത്യേകമായി നിർമിച്ച സിമന്റ്-കല്ല് തൂണുകളിലായി പടർത്തിയിരിക്കുന്ന അമ്പതോളം ഡ്രാഗൺ ഫ്രൂട്ട് ചെടികൾ വിളവെടുപ്പിനായി തയ്യാറായി. ചുവന്ന കളറിലുള്ള ഇന്തോനേഷ്യൻ ബ്രീഡാണ് ഇവിടെയുള്ളത്. ചാണകപ്പൊടി, എല്ലുപൊടി, കടല പിണ്ണാക്ക് തുടങ്ങിയ ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുക. കഴിഞ്ഞ മൂന്ന് വർഷമായി ഡ്രാഗൺ ഫ്രൂട്ട് കൃഷിചെയ്യുന്ന ചന്ദ്രശേഖരന് 15 മുതൽ 25 കിലോ വരെ ഫലം ലഭിക്കുന്നുണ്ട്. കൃഷിയുടെ യൂട്യൂബ് വീഡിയോ കണ്ടാണ് തുടക്കം. നല്ല ഫലഭൂയിഷ്ടമല്ലാത്ത മണ്ണിലും നന്നായി വളരുന്ന ഈ ഫലത്തിന് കേരളംപോലുള്ള ഉഷ്ണമേഖല കാലാവസ്ഥയുള്ള പ്രദേശങ്ങൾ അനുയോജ്യമാണ്. കുണ്ടംകുഴി, ബേഡകം എന്നിവിടങ്ങളിലെ കടകളിലാണ് ഫ്രൂട്ട് വിൽക്കുന്നത്. കിലോയ്ക്ക് 200 രൂപ വരെ ലഭിക്കും. തെങ്ങ്, കവുങ്ങ് എന്നിവയും ചന്ദ്രശേഖരനുണ്ട്.









0 comments