ചെറുവത്തൂരിനോട് അവഗണന
യാത്രാദുരിതം കാണാതെ റെയിൽവേ

ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കാടുകയറിയനിലയിൽ
ചെറുവത്തൂർ
ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ ചെറുവത്തൂരിനോട് റെയിൽവേ അധികൃതർ കാണിക്കുന്ന തുടർച്ചയായ അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ (ഡിആർഎം) ബുധനാഴ്‌ച നടത്തിയ സ്റ്റേഷൻ സന്ദർശന പട്ടികയിൽനിന്ന് ചെറുവത്തൂരിനെ ഒഴിവാക്കി. ചെറുവത്തൂർ മേഖലയിലെ യാത്രാപ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനും പരിഹരിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതായത്. മറ്റ് പ്രധാന സ്റ്റേഷനുകൾക്കെല്ലാം വികസന പദ്ധതികളും സ്റ്റോപ്പുകളും അനുവദിക്കുമ്പോൾ ചെറുവത്തൂരിനെ തള്ളിക്കളയുന്ന നിലപാടാണ് റെയിൽവേ ഡിവിഷൻ സ്വീകരിക്കുന്നത്. ചെറുവത്തൂരിൽ നിർത്തിയിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്റ്റോപ്പ് കോവിഡ് കാലത്ത് ഒഴിവാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ചെന്നൈ യാത്രയ്ക്ക് സാധാരണക്കാർ ആശ്രയിച്ചിരുന്ന ട്രെയിൻ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നിവേദനം നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. മലബാർ മേഖലയിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങളായ മംഗളൂരു -ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗള എക്സ്പ്രസ്, കോഴിക്കോട് -ബംഗളൂരു (ശ്രാവണബലഗോള) എക്സ്പ്രസ് എന്നീ പ്രധാന ട്രെയിനുകൾക്കും ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. ഉദ്യോഗസ്ഥരും വിദ്യാർഥികളും അടങ്ങുന്ന നിരവധി യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന സ്റ്റേഷനായിട്ടും അവഗണന തുടരുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നാണ് യാത്രക്കാർ പറയുന്നത്. സ്റ്റേഷന്റെ സൗകര്യങ്ങൾ വർധിപ്പിക്കാനും നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കാനും തയ്യാറാകണമെന്നാണ് ആവശ്യം.
പ്ലാറ്റ് ഫോമിന് മേൽക്കൂരയില്ല
കഴിഞ്ഞയാഴ്ച ഒരു യാത്രക്കാരൻ സ്റ്റേഷനിലെ മിനുസമുള്ള തറയിൽ തെന്നിവീണ് തുടയെല്ല് പൊട്ടി ചികിത്സ തേടിയിരുന്നു. പ്ലാറ്റ് ഫോം മേൽക്കൂര ഇല്ലാത്തതാണ് മഴവെള്ളം വീണ് തറയിൽ വഴുക്കലുണ്ടാവാനുണ്ടായ പ്രധാന കാരണം. രാത്രിയായാൽ സ്റ്റേഷൻ പരിസരം ഇട്ടാണ്. രണ്ടാം പ്ലാറ്റ് ഫോമിൽ ശുചി മുറിയോ കുടിവെള്ളമോ ഇല്ല. ചെറുവത്തൂരിന് ജില്ലാ അതിർത്തിയിലെ പ്രധാന സ്റ്റേഷൻ എന്ന പരിഗണന നൽകി യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എംപിയും, എംഎൽഎയുടെയും ഇടപെടൽ വേണമെന്ന് പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.









0 comments