ജില്ലയിൽ 26 ശതമാനം മഴക്കുറവ്

കാസർകോട്
തിമർത്ത് പെയ്യേണ്ട കർക്കടകത്തിലും ആവശ്യത്തിന് മഴയില്ലാതെ നാട്. ജൂലൈ അവസാനിക്കാനിരിക്കെ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുപ്രകാരം സാധാരണ ലഭിക്കേണ്ടതിനേക്കാൾ 26 ശതമാനം മഴക്കുറവാണ് ജില്ലയിലുണ്ടായത്. ജൂൺ ഒന്ന് മുതൽ ജൂലൈ 30 വരെ ജില്ലയിൽ ലഭിക്കേണ്ടത് 1922 മി.മീറ്റർ മഴ. ലഭിച്ചത് 1432 മീ. മീറ്റർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇതര ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ താരതമ്യേന മഴ കൂടുതലാണ്. ജൂൺ, ജൂലൈ മാസങ്ങളിലായി സംസ്ഥാനത്ത് ആകെ 35 ശതമാനം മഴയുടെ കുറവാണുണ്ടായത്. 1284 മി. മീറ്റർ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 828 മി. മീറ്റർ. ജില്ലയിൽ കഴിഞ്ഞവർഷം ഇതേ കാലയളവിൽ മഴയിൽ വലിയ കുറവ് ഉണ്ടായിട്ടില്ല. മെയ് അവസാനത്തോടെയാണ് സംസ്ഥാനത്ത് കാലവർഷമെത്തിയത്. കനത്ത മഴ ലഭിക്കേണ്ട ജൂണിലും ജൂലൈയിലും ജില്ലയിൽ പല ദിവസങ്ങളിലും മഴയുണ്ടായില്ല. കുറച്ചു ദിവസങ്ങളായി ജില്ലയിൽ പെയ്‌തു പായുന്ന മഴയാണ് ദൃശ്യമാവുന്നത്. നല്ല വെയിൽ കണ്ട് പുറത്തിറങ്ങിയാൽ പൊടുന്നനെ കനത്ത മഴയായിരിക്കും. പെട്ടെന്നുതന്നെ മഴ ശമിക്കുകയും ചെയ്യും. വരും ദിവസങ്ങളിൽ മഴ ശക്തമാവുമെന്നാണ് കാലാവസ്ഥ പ്രവചനം. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാവും. വെള്ളിയാഴ്‌ച കാസര്‍കോട് ഉൾപ്പെടെയുള്ള മിക്ക ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കുറവ് ജില്ലയിലെ കാർഷിക മേഖലയെയാണ് ദോഷകരമായി ബാധിച്ചത്. മഴയില്ലാത്തതിനാൽ ഒന്നാംവിള നെൽകൃഷി പലയിടത്തും പ്രതിസന്ധിയിലായിരുന്നു. വയലുകൾ വരണ്ടുണങ്ങി. മഴ കുറഞ്ഞാൽ വരും മാസങ്ങളിൽ മറ്റ് കാർഷിക വിളകളെയും പ്രതികൂലമായി ബാധിച്ചേക്കാം. വേനൽക്കാലത്ത് ജലക്ഷാമത്തിനും ഇടയാക്കും.









0 comments