പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം
നിലയ്‌ക്കാതെ പ്രതിഷേധം ; വോട്ട് മോഷണത്തിനെതിരെ ‘ഇന്ത്യ’

എം പ്രശാന്ത്
Published on Aug 13, 2025, 01:24 AM | 1 min read
ന്യൂഡൽഹി
വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളും ബിഹാറിൽ തീവ്രപുനഃപരിശോധനയിലൂടെ നടപ്പാക്കുന്ന വോട്ട് അട്ടിമറിയും ചോദ്യംചെയ്‌ത് ചൊവ്വാഴ്‌ചയും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇരമ്പി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്‌തനായ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമീഷൻ ഭരണമുന്നണിയുടെ സഖ്യകക്ഷിയെന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബിഹാറിൽ പുനഃപരിശോധനയ്‌ക്കുശേഷം പുറത്തുവിട്ട കരടു വോട്ടർപ്പട്ടികയിലെ കൂടുതൽ പിശകുകൾ പുറത്തുവരികയും മരിച്ചുവെന്ന് മുദ്രകുത്തി വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്‌ത രണ്ടുപേർ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാവുകയും ചെയ്‌തതോടെ കമീഷനും മോദി സർക്കാരും കൂടുതൽ പ്രതിരോധത്തിലായി.
തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മുന്നൂറോളം എംപിമാർ ഐക്യത്തോടെ നടത്തിയ മാർച്ച് വലിയ ജനശ്രദ്ധ നേടിയതിന്റെ ആവേശത്തിലാണ് ചൊവ്വാഴ്‌ചയും പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാർ ഒത്തുചേർന്ന് പ്രതിഷേധിച്ചത്. ഇന്ത്യ കൂട്ടായ്‌മയിലെ എംപിമാരെല്ലാം പങ്കാളികളായി. ബിഹാറിൽ 124 വയസ്സുള്ള മിന്റാദേവി കന്നിവോട്ടറായി കരടു വോട്ടർപ്പട്ടികയിൽ ഇടംപിടിച്ചത് വാർത്തയായ പശ്‌ചാത്തലത്തിൽ മിന്റാദേവി എന്നെഴുതിയ ടീഷർട്ടുകൾ അണിഞ്ഞാണ് ഒരു വിഭാഗം എംപിമാർ പ്രതിഷേധിച്ചത്. ടീഷർട്ടിന് പിന്നിൽ 124 നോട്ടൗട്ട് എന്നും എഴുതിയിരുന്നു.
‘ഞങ്ങളുടെ വോട്ട്, ഞങ്ങളുടെ അവകാശം, ഞങ്ങളുടെ പ്രതിഷേധം’ എന്നെഴുതിയ ബാനറും എംപിമാർ ഉയർത്തിപിടിച്ചു. ‘വോട്ട് മോഷ്ടാക്കൾ ശ്രദ്ധിക്കുക, ഹിന്ദുസ്ഥാൻ ഉണർന്നു’, ‘എസ്‌ഐആർ അവസാനിപ്പിക്കുക’, ‘വോട്ട് മോഷണം’ എന്നെഴുതിയ പോസ്‌റ്ററുകളും എംപിമാർ ഉയർത്തി.
പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചതിന് പുറമെ ഇരുസഭകളിലും വിഷയം ശക്തമായി പ്രതിപക്ഷം ഉന്നയിച്ചു. വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഒരു കാരണവശാലും ചർച്ച അനുവദിക്കില്ലെന്ന പിടിവാശി സർക്കാർ തുടർന്നതോടെ ഇരുസഭകളും പലവട്ടം നിർത്തി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയിൽ തുറമുഖ ബില്ലും ഖനി–ധാതു ഭേദഗതി ബില്ലും ഏകപക്ഷീയമായി പാസാക്കി. രാജ്യസഭയിൽ മൂന്ന് മണിക്ക് ശേഷമുള്ള നടപടികൾ പ്രതിപക്ഷം കൂട്ടായി ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ആദായനികുതി ബിൽ, സ്‌പോർട്സ് ബിൽ, ആന്റി ഡോപിങ് ബിൽ എന്നീ ബില്ലുകൾ സർക്കാർ പാസാക്കി. ഇരുസഭകളും 18ന് ചേരാനായി പിരിഞ്ഞു.








0 comments