Deshabhimani

print edition ഗ്യാനേഷിനെതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷം; രക്ഷപ്പെടുത്താൻ ബിജെപി

gyanesh kumar
വെബ് ഡെസ്ക്

Published on Oct 28, 2026, 07:02 AM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിയ്‌ക്കായി പ്രതിഷേധം തീവ്രമാക്കാൻ പ്രതിപക്ഷ പാർടികളും ഏതുവിധേനയും തടുക്കാൻ കേന്ദ്രവും തയ്യാറെടുക്കുമ്പോൾ ദേശീയ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു. ഗ്യാനേഷിനെ സംരക്ഷിക്കാൻ ബദൽ പ്രചാരണവുമായി രംഗത്തിറങ്ങുകയാണ്‌ ബിജെപി.


യുപി, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങൾ അടുത്തവർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങും. ഇ‍ൗ സാഹചര്യത്തിൽ വോട്ടർപട്ടിക തീവ്രപുനഃപരിശോധനയടക്കം (എസ്‌ഐആർ) തെരഞ്ഞെടുപ്പ്‌ കമീഷനുമായി ബന്ധപ്പെട്ട വിവാദമാകും വരും മാസങ്ങളിലും പ്രധാന രാഷ്ട്രീയ സംവാദ വിഷയങ്ങൾ.


നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയിൽ ജന്തർമന്തർ കേന്ദ്രമായ പ്രക്ഷോഭത്തിനുമുന്നിൽ മുട്ടുമടക്കിയ മോദി സർക്കാർ ഗ്യാനേഷ്‌ കുമാറിനെതിരായ സമരങ്ങളെ വ്യത്യസ്‌തമായാണ്‌ സമീപിക്കുന്നത്‌. ജന്തർമന്തർ പ്രക്ഷോഭത്തെത്തുടർന്ന്‌ മുതിർന്ന ബിജെപി നേതാവ്‌ ധർമ്മേന്ദ്ര പ്രധാനെ മടികൂടാതെ ബലി നൽകിയ മോദി– അമിത്‌ ഷാ കൂട്ടുകെട്ട്‌ ഗ്യാനേഷ്‌ കുമാറിനെ ഏതുവിധേനയും രക്ഷിക്കണമെന്ന നിലപാടിലാണ്‌.


ഇരുവരുടെയും നിർദേശപ്രകാരം രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കിയ ഉദ്യോഗസ്ഥനാണ്‌ ഗ്യാനേഷ്‌ കുമാർ. പതിമൂന്നര കോടി വോട്ടർമാരെ പട്ടികയിൽനിന്ന്‌ നീക്കിയതോടെ ബിജെപിക്ക്‌ അനുകൂല രാഷ്ട്രീയ സാഹചര്യം കൂടുതലായി ഉരുത്തിരിഞ്ഞെന്ന ബോധ്യത്തിലാണ്‌ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും. ബിഹാർ, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അത്‌ പ്രകടമായി.


എസ്‌ഐആറിലൂടെ വെട്ടിമാറ്റിയവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ– ദളിത്‌– പിന്നാക്ക വോട്ടർമാരാണ്‌. കുടിയേറ്റ തൊഴിലാളികളും മറ്റും വ്യാപകമായി ഒഴിവാക്കപ്പെട്ടു. വെട്ടിമാറ്റപ്പെട്ടവർ ബിജെപിയുടെ വോട്ടുബാങ്കിൽ ഉൾപ്പെടുന്നവരല്ല.


കഴിഞ്ഞവർഷം ജൂണിൽ എസ്‌ഐആർ പ്രക്രിയക്ക്‌ തുടക്കമായശേഷം അഞ്ച്‌ സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പുണ്ടായത്‌. ബിഹാർ, ബംഗാൾ, അസം എന്നിവിടങ്ങളിൽ ബിജെപിയും പുതുച്ചേരിയിൽ എൻഡിഎയും ജയിച്ചു. തമിഴ്‌നാട്ടിലും കേരളത്തിലും അധികാരമാറ്റമുണ്ടായി. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലും എസ്‌ഐആർ നേട്ടമാകുമെന്നാണ്‌ ബിജെപി പ്രതീക്ഷ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home