ad
Deshabhimani

തമിഴ്‌നാട്ടിൽ വർഗീയസംഘർഷം സൃഷ്ടിക്കാനുള്ള നീക്കം അവസാനിപ്പിക്കുക: ഇടതുപക്ഷ പാർടികൾ

Left parties
വെബ് ഡെസ്ക്

Published on Dec 09, 2025, 05:23 PM | 2 min read

ന്യൂഡൽഹി : ഹീനമായ രാഷ്‌ട്രീയ നേട്ടത്തിനായി, മധുരയിൽ തീർഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തിരുപ്പരൻകുണ്ഡ്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ സൃഷ്ടിച്ച്‌ വർഗീയ സംഘർഷം കുത്തിപ്പൊക്കാനുള്ള ശ്രമത്തിൽനിന്ന്‌ ബിജെപിയും ഇതര ഹിന്ദുത്വ ശക്തികളും പിന്തിരിയണമെന്ന്‌ അഞ്ച്‌ ഇടതുപക്ഷ പാർടികളുടെ ജനറൽ സെക്രട്ടറിമാർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. മൂന്ന്‌ ക്ഷേത്രങ്ങളും ഒരു ദർഗയും പുരാതന ജൈന ഗുഹയും സ്ഥിതിചെയ്യുന്ന ഇടമാണ്‌ തിരുപ്പരൻകുണ്ഡ്രം ഹിൽ. നൂറ്റാണ്ടുകളായി സമുദായ സ‍ൗഹാർദ്ദത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പ്രതീകമാണ്‌ ഇ‍‍ൗ പ്രദേശം.


വ്യത്യസ്‌ത വിശ്വാസങ്ങൾ പുലർത്തുന്ന ജനവിഭാഗങ്ങൾ പരസ്‌പര ബഹുമാനത്തോടെ അവിടേയ്‌ക്ക്‌ തീർഥാടനം നടത്തുന്നു; പല സമുദായക്കാർ തർക്കങ്ങളില്ലാതെ അവിടെ കഴിയുകയും ചെയ്യുന്നു. എന്നാൽ തമിഴ്‌നാട്ടിൽ രാഷ്‌ട്രീയനേട്ടം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ, ഇക്കൊല്ലം ഫെബ്രുവരിയിൽ ബിജെപി നേതാക്കൾ ഇ‍ൗ പ്രദേശം ‘ദക്ഷിണേന്ത്യയിലെ അയോധ്യ’യാണെന്ന്‌ പ്രഖ്യാപിച്ചു. പ്രകോപനം സൃഷ്ടിക്കാൻ പുറത്തുനിന്ന്‌ ആളുകളെ ഇറക്കി. സമൂഹത്തിൽ സ്‌പർധ പടർത്താൻ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തി.


ദ‍ൗർഭാഗ്യവശാൽ‍, അടുത്തിടെ ഇ‍ൗ വിഷയത്തിൽ ഹർജി പരിഗണിക്കവെ മദ്രാസ്‌ ഹൈക്കോടതി മുൻ കോടതി വിധികളും ചരിത്ര രേഖകളും 1991ലെ ആരാധനാലയ സംരക്ഷണ നിയമവും അവഗണിച്ചു. സിക്കന്ദർ ബാദുഷ ദർഗയ്‌ക്ക്‌ സമീപം ബ്രിട്ടീഷ്‌ കാലത്ത്‌ നിർമിച്ച സർവേ സ്‌തംഭത്തിൽ കാർത്തിക ദീപം തെളിക്കാൻ ഹർജിക്കാരന്‌ അനുമതി നൽകി; ഇതുവഴി വർഗീയ ശക്തികൾക്ക്‌ ഉപയോഗിക്കാൻ ഒരു വിഷയം നൽകിയിരിക്കയാണ്‌ കോടതി. സംസ്ഥാന സർക്കാരിന്റെ തടസവാദങ്ങൾ മാനിക്കാതെ, ഹർജിക്കാരന്‌ ഇ‍ൗ പ്രവൃത്തി ചെയ്യാൻ സിഐഎസ്‌എഫ്‌ സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു. ഇ‍ൗ ഉത്തരവ്‌ മുൻ കോടതി വിധികളെ അട്ടിമറിക്കുന്നത്‌ മാത്രമല്ല, ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന ഫെഡറൽ തത്വം മറികടന്നുള്ളതുമാണ്‌.


അതേസമയം, വർഗീയ വിദ്വേഷ രാഷ്‌ട്രീയത്തിനെതിരെ ബഹുസ്വരതയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച്‌ മധുരയിലെയും തമിഴ്‌നാട്ടിലെയും ജനത നിലകൊള്ളുകയാണ്‌. ഇ‍ൗ വിഷയം തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ ഉറച്ച നിലപാടോടെ മികച്ച നിലയിൽ കൈകാര്യം ചെയ്യുന്നു. എഐഎഡിഎംകെ പോലുള്ള പാർടികൾ വർഗീയശക്തികൾക്ക്‌ പിന്തുണ നൽകുന്നു.


മധുര എംപി സു വെങ്കടേശനു നേരെ വർഗീയ ശക്തികൾ വധഭീഷണി ഉൾപ്പടെ ഉയർത്തുന്നത്‌ അപലപനീയമാണ്‌. സംഘപരിവാറിന്റെ വർഗീയ അജണ്ടയ്‌ക്കെതിരെ രംഗത്തുവരാൻ എല്ലാ ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികളോടും എം എ ബേബി(സിപിഐ എം), ഡി രാജ(സിപിഐ), ദീപാങ്കർ ഭട്ടാചാര്യ(സിപിഐ എംഎൽ–ലിബറേഷൻ), മനോജ്‌ ഭട്ടാചാര്യ(ആർഎസ്‌പി), ജി ദേവരാജൻ(എഐഎഫ്‌ബി) എന്നിവർ ആഹ്വാനം ചെയ്‌തു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home