ഏഴ് ഭീകരരെ വധിച്ചു, പലായനത്തിനിടെ യുവതി കൊല്ലപെട്ടു

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഏഴ് ഭീകരർ കൊല്ലപ്പെട്ടതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. പാക് റേഞ്ചേഴ്‌സ് മറഞ്ഞിരുന്ന പോസ്റ്റും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഉറിയിലെ റസേർവാനി പ്രദേശത്തെ നാട്ടുകാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു തുടങ്ങി. ഇവിടെ കാഷ്മിയിലെ നിയന്ത്രണ രേഖ (എൽഒസി) കടന്ന് പാകിസ്ഥാൻ സൈന്യം പീരങ്കി വെടിവയ്പ്പ് ശക്തമാക്കിയതിനെ തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെടുകയും നാല് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റസേർവാനിയിൽ താമസിക്കുന്ന നർഗീസ് ബീഗം ആണ് മരിച്ചത്. കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തിൽ ഷെൽ പതിക്കുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ നർഗീസ് ബീഗം മരണപ്പെടുകകയിരുന്നു. നർഗീസിന് പുറമെ ഹഫീസ എന്ന മറ്റൊരു സ്ത്രീയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ജിഎംസി ബാരാമുള്ളയിലേക്ക് മാറ്റി.

പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാൻ സായുധ സേന ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങൾ നടത്തിയതായുള്ള വിവരം സൈന്യം പുറത്തു വിട്ടു. അവയെ "ഫലപ്രദമായി പിന്തിരിപ്പിച്ചു" എന്നും രാവിലെ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു. പാക് ആക്രമണ ഗ്രൂപ്പിന്റെ പോസ്റ്റ് തകർക്കുന്ന വീഡിയോ ദൃശ്യവും പുറത്തു വിട്ടു.
ഷെല്ലാക്രമണത്തിൽ ഉറിയിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജമ്മുവിൽ പുലർച്ചെ 4.15 വരെ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം ഉണ്ടായി. ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധ സംവിധാനം തകർത്തു. കുപ് വാരയിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടിവെയ്പ്പ് തുടരുന്നതായും വാർത്തകളുണ്ട്.
ചണ്ഡീഗഡിൽ വ്യോമാക്രമണ മുന്നറിയിപ്പ് 'ഇപ്പോൾ' അവസാനിച്ചുവെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. നാട്ടുകാർ ജാഗ്രത തുടരുകയാണ്. രാത്രി മുഴുവൻ വ്യോമാക്രമണത്തിനെതിരെ പ്രതിരോധ ജാഗ്രത തുടർന്നു.
പത്താൻകോട്ട്, അമൃത്സർ, ജലന്ധർ, രൂപ്‌നഗർ, ഫാസിൽക്ക, ലുധിയാന, ഹോഷിയാർപൂർ, സാഹിബ്‌സാദ അജിത് സിംഗ് നഗർ എന്നിവയുൾപ്പെടെ പഞ്ചാബിലെ നിരവധി ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലും വ്യാഴാഴ്ച രാത്രി വൈദ്യുതി മുടങ്ങി. പഞ്ചാബിലുടനീളമുള്ള സർക്കാർ, സ്വകാര്യ, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും സർവകലാശാലകളും അടുത്ത മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ പഞ്ചാബ് സർക്കാർ ഉത്തരവിട്ടു. കേന്ദ്രഭരണ പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടാൻ ജമ്മു കശ്മീർ സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു.
രാജ്യത്തുടനീളം ഇന്ത്യൻ ഓയിലിന് ധാരാളം ഇന്ധന സ്റ്റോക്കുകളുണ്ട്, ഞങ്ങളുടെ വിതരണ ലൈനുകൾ സുഗമമായി പ്രവർത്തിക്കുന്നു എന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. പരിഭ്രാന്തി ആവശ്യമില്ല ഞങ്ങളുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഇന്ധനവും എൽപിജിയും എളുപ്പത്തിൽ ലഭ്യമാണ്," എന്നാണ് അറിയിപ്പ്.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ വർധിപ്പിച്ചു. എല്ലാ യാത്രക്കാർക്കും വിമാനങ്ങൾക്കും സെക്കൻഡറി പ്രീ-ബോർഡിംഗ് പരിശോധനകൾ ബാധകമാക്കി. ടെർമിനുകളിൽ സന്ദർശകരുടെ പ്രവേശനം നിരോധിച്ചു. വിമാനത്താവളങ്ങളിൽ കൂടുതൽ എയർ മാർഷലുകളെ വിന്യസിക്കാനും സർക്കാർ ഉത്തരവിട്ടു. മേയ് 18 വരെ കനത്ത സുരക്ഷ തുടരാനാണ് നിർദ്ദേശം.
ഇതിനിടെ വ്യാജവാർത്തകൾക്കും ചിത്രങ്ങൾക്കും വീഡിയോകൾക്കുമെതിരെ ജാഗ്രത പുലർത്താൻ സർക്കാർ മുന്നറിയിപ്പ് നൽകി. ഒരു വർഷമായി പാകിസ്ഥാൻ മൈക്രോബ്ലോഗിങ് സൈറ്റായ എക്സിന് മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരിക്കയാണ്. വ്യാജവാർത്തകളുടെ പരമ്പര തന്നെ ഇതുവഴി കടത്തിവിടാൻ ശ്രമം നടന്നു. 8000 എക്സ് ഹാൻഡിലുകൾ ഇങ്ങനെ നീക്കം ചെയ്യാൻ സർക്കാർ നിർദ്ദേശം വന്നിട്ടുള്ളതായി എക്സ് വിവരം പുറത്തു വിട്ടു. അജ്ഞാത ഫയലുകളും ലിങ്കുകളും തുറക്കുന്നതിന് എതിരെയും ജാഗ്രതാ നിർദ്ദേശമുണ്ട്.









0 comments