ഓപ്പറേഷൻ സിന്ദൂർ: സ്ഥിതിഗതികൾ വിശദീകരിച്ച് സർവ കക്ഷി യോഗം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സർവകക്ഷി യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, എസ് ജയ്ശങ്കർ, ജെ പി നദ്ദ, നിർമ്മല സീതാരാമൻ എന്നിവർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചു. കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സിപിഐ എമ്മിൽ നിന്ന് ജോൺ ബ്രിട്ടാസ്, തൃണമൂൽ കോൺഗ്രസിൽ നിന്ന് സന്ദീപ് ബന്ദോപാധ്യായ, ഡിഎംകെയുടെ ടി ആർ ബാലു, എന്നിവരും യോഗത്തിൽ പങ്കെടുത്തു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സർവകക്ഷിയോഗം വിളിച്ച് ചേർത്തത്. ഏപ്രിൽ 24 ന് നേരത്തെ സർവകക്ഷി യോഗം വിളിച്ചിരുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സുപ്രിയ സുലെ (എൻസിപി), സസ്മിത് പത്ര (ബിജെഡി), രാം ഗോപാൽ യാദവ്(സമാജ്‌വാദി പാർടി), സഞ്ജയ് സിംഗ് ( ആം ആദ്മി പാർടി), സഞ്ജയ് റൗട്ട് (ശിവസേന) എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജെഡിയു നേതാവ് സഞ്ജയ് ഝാ, കേന്ദ്രമന്ത്രിയും എൽജെപി (റാം വിലാസ്) നേതാവുമായ ചിരാഗ് പാസ്വാൻ, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി എന്നിവരും യോഗത്തിലുണ്ടായിരുന്നു.
"ഓപ്പറേഷൻ സിന്ദൂറിനെ" കുറിച്ച് എല്ലാ കക്ഷികളെയും അറിയിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. ഇന്ത്യ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളെക്കുറിച്ചും ഇതുവരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും യോഗത്തിൽ അവതരിപ്പിച്ചതായാണ് വിവരം. നിലവിലെ സാഹചര്യങ്ങളും വിലയിരുത്തി. സൈനിക നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നതായി പ്രതിപക്ഷ പാർടികൾ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി, ഇന്ത്യൻ സായുധ സേന ബുധനാഴ്ച പുലർച്ചെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രമായ ബഹാവൽപൂരും ലഷ്‌കർ-ഇ-തൊയ്ബയുടെ താവളമായ മുരിദ്കെയും തകർത്തതായി പ്രതിരോധ മന്ത്രാലയവും സൈന്യവും അറിയിച്ചിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിന് രണ്ടാഴ്ച കഴിഞ്ഞാണ് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ഇന്ത്യ സൈനിക ആക്രമണം നടത്തിയത്.









0 comments