ഓപ്പറേഷൻ സിന്ദൂർ: 100 ഭീകരർ കൊല്ലപ്പെട്ടു; സര്‍വ കക്ഷിയോഗത്തിൽ രാജ്നാഥ് സിംഗ്

ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 100 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് ഡൽഹിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.
"ഇത് തുടർച്ചയായ ഒരു ഓപ്പറേഷനാണ്. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാന വീണ്ടും ഇന്ത്യയെ ലക്ഷ്യം വച്ചാൽ ശക്തമായ തിരിച്ചടി നൽകും"- രാജ്നാഥ് സിംഗ് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. ഈ വിഷയത്തിൽ വിശാലമായ രാഷ്ട്രീയ സമവായം രൂപപ്പെടുത്തുന്നതിനാണ് യോഗം വിളിച്ചതെന്നും നേതാക്കൾ പക്വത കാണിച്ചുവെന്നും ആരും ഇക്കാര്യത്തിൽ തർക്കിച്ചില്ലെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശീയ സുരക്ഷ, ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിലെ ആളുകളുടേയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ സർവകക്ഷി യോഗത്തിൽ നേതാക്കൾ പങ്കുവച്ചു. എന്നാൽ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രാഷ്ട്രം ഐക്യത്തോടെ നിലകൊള്ളുന്നുവെന്നും എല്ലാ പിന്തുണയും നൽകുന്നതായും പ്രതിപക്ഷ പാർടികൾ അറിയിച്ചു. "രാജ്യം മുഴുവൻ സർക്കാരിനോടും സായുധ സേനയോടും ഐക്യത്തിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾവിലയിരുത്തുന്നതിനാലാണ് സൈനിക മേധാവികൾ സർവകക്ഷിയോഗത്തിൽ പങ്കെടുക്കാതിരുന്നത്"- കിരൺ റിജിജു പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ 11ഓടെ പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ൽ വെച്ചാണ് ചേർന്നത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, എസ് ജയ്ശങ്കർ, ജെ പി നദ്ദ, നിർമ്മല സീതാരാമൻ എന്നിവർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചു. കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സിപിഐ എമ്മിൽ നിന്ന് ജോൺ ബ്രിട്ടാസ്, തൃണമൂൽ കോൺഗ്രസിൽ നിന്ന് സന്ദീപ് ബന്ദോപാധ്യായ, ഡിഎംകെയുടെ ടി ആർ ബാലു, എന്നിവരും യോഗത്തിൽ പങ്കെടുത്തു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സർവകക്ഷിയോഗം വിളിച്ച് ചേർത്തത്. ഏപ്രിൽ 24 ന് നേരത്തെ സർവകക്ഷി യോഗം വിളിച്ചിരുന്നു.









0 comments