ജനാധിപത്യത്തെ ലേലം വിളിക്കുന്ന സംഘപരിവാർ; കൂറുമാറ്റക്കാരുടെ കേന്ദ്രമായി ബിജെപി

AI പ്രതീകാത്മക ചിത്രം / Gemini

ശ്രുതി ലേഖ ശിവശങ്കര്‍
Published on Apr 25, 2026, 11:30 AM | 3 min read
ജനവിധി അട്ടിമറിക്കാനും പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താനുമുള്ള ബിജെപിയുടെ 'ഓപ്പറേഷൻ താമര' വീണ്ടും രാജ്യത്ത് സജീവമാകുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തകരായി മാറിയ ബിജെപി, തങ്ങളുടെ 'ഓപ്പറേഷൻ താമര' എന്ന അഴുക്കുരാഷ്ട്രീയം ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടിയുടെ രാഘവ് ചദ്ദ ഉൾപ്പെടെയുള്ള ഏഴ് രാജ്യസഭാ എംപിമാരെ പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും ബിജെപി പാളയത്തിലെത്തിച്ചത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. വിയർപ്പൊഴുക്കി വോട്ടുചെയ്ത ജനങ്ങളെ പരിഹസിച്ചുകൊണ്ട് ജനപ്രതിനിധികളെ ചന്തയിലെ കന്നുകാലികളെപ്പോലെ ലേലത്തിന് വെക്കുന്ന സംഘപരിവാർ അജണ്ടയാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്.
ചരിത്രം ആവർത്തിക്കുന്ന രാഷ്ട്രീയ ചതി
ഭരണഘടന നൽകുന്ന പദവികൾ വെറും വ്യാപാര വസ്തുക്കളായി മാറുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയിൽ കാണാൻ സാധിക്കുക. അധികാരം പിടിച്ചെടുക്കാൻ ബിജെപി പയറ്റുന്ന ഈ തരംതാണ രാഷ്ട്രീയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് എന്നതാണ് വസ്തുത. കർണാടകയിൽ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ എംഎൽഎമാരെ റിസോർട്ടുകളിൽ തടവിലാക്കി വീഴ്ത്തിയതും, മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ മുൻനിർത്തി ജനവിധിയെ കശാപ്പ് ചെയ്തതും, മഹാരാഷ്ട്രയിൽ അർദ്ധരാത്രിയിൽ ഗവർണറുടെ ഒത്താശയോടെ ഭരണം പിടിച്ചെടുത്തതുമെല്ലാം നമ്മുടെ മനസിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്.
ഇന്ന് ഡൽഹിയിൽ നടക്കുന്നത് ഇതിന്റെയെല്ലാം തുടർച്ചയാണ് എന്ന് പറയാതെ വയ്യ. പഞ്ചാബിൽ ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിയെ തകർക്കാൻ ആറ് പഞ്ചാബ് എംപിമാരെയാണ് ബിജെപി ഒരേസമയം റാഞ്ചിയത്. ഇതിലൂടെ ജനവിധിയെ അട്ടിമറിക്കുക മാത്രമല്ല, ഫെഡറൽ സംവിധാനത്തിന് മേൽ കേന്ദ്രാധികാരം ഉപയോഗിച്ച് ബുൾഡോസർ ഓടിക്കുക കൂടിയാണ് മോദി സർക്കാർ ചെയ്യുന്നത്.
അധികാരക്കൊതിയുടെ ചോരപുരണ്ട ചരിത്രം
'ഓപ്പറേഷൻ താമര' എന്നത് ബിജെപിക്ക് കേവലം ഒരു തന്ത്രമല്ല, മറിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ആയുധമാണ്. 2014-ന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ജീർണ്ണതയുടെ പേരാണത്. മോദി-ഷാ കൂട്ടുകെട്ട് രാജ്യത്ത് നടപ്പിലാക്കുന്ന 'കുതിരക്കച്ചവട' രാഷ്ട്രീയത്തിന്റെ പേരാണ് ഓപ്പറേഷൻ താമര.
കർണാടക: ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ എംഎൽഎമാരെ റിസോർട്ടുകളിൽ തടവിലാക്കി വീഴ്ത്തിയ ചരിത്രം.
മധ്യപ്രദേശ്: കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാൻ ജ്യോതിരാദിത്യ സിന്ധ്യയെയും കൂട്ടരെയും വിലയ്ക്കെടുത്ത നീക്കം.
മഹാരാഷ്ട്ര: അർദ്ധരാത്രിയിൽ രാജ്ഭവന്റെ വാതിൽ തുറന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഗവർണറുടെ ഒത്താശയോടെയുള്ള ഭരണം പിടിക്കൽ.
അരുണാചൽ പ്രദേശ്: 2014-ൽ ജനങ്ങൾ കോൺഗ്രസിന് നൽകിയ ജനവിധി, രണ്ടു വർഷത്തിനുള്ളിൽ എം.എൽ.എമാർ കൂട്ടത്തോടെ പാർട്ടി മാറുന്നതിലൂടെ ബിജെപി സർക്കാരായി പരിണമിച്ചു. മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡുവും 43 എംഎൽഎമാരും സെപ്റ്റംബറിൽ കോൺഗ്രസ് വിട്ട് റീജിയണൽ പാർട്ടിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർന്നു. ഇതോടെ കോൺഗ്രസ് സർക്കാർ അധികാരത്തിന് പുറത്തായി. ഡിസംബർ മാസത്തിൽ പേമ ഖണ്ഡുവിനെയും മറ്റ് എംഎൽഎമാരെയും പിപിഎ സസ്പെൻഡ് ചെയ്തു. തുടർന്ന് ഖണ്ഡുവും 32 എംഎൽഎമാരും ചേർന്ന് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു.
ഗോവ, മണിപ്പൂർ: ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ജനവിധിയെ അവഗണിച്ച് പണമൊഴുക്കി ഭരണം പിടിച്ചെടുത്ത ബിജെപി രീതി.
അസം: അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെമുൻ അധ്യക്ഷനായിരുന്ന ഭൂപൻ കുമാർ ബോറ 2026 ഫെബ്രുവരിയിൽ ബിജെപിയിൽ ചേർന്നു. 32 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം ഭരണപക്ഷത്തേക്ക് മാറിയത്. അഞ്ഞൂറിലധികം കോൺഗ്രസ് പ്രവർത്തകരും ഭൂപൻ കുമാർ ബോറയോടൊപ്പം ബിജെപിയിൽ ചേർന്നു.
ഈ പട്ടികയിലേക്ക് ഇപ്പോൾ ഡൽഹിയും ചേർക്കപ്പെട്ടിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് കോർപ്പറേറ്റുകൾ നൽകുന്ന അമിത പണവും ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളുമാണ്.
ബിജെപിയുടെ രാഷ്ട്രീയ വേട്ടമൃഗങ്ങൾ
ഇഡി , സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ചങ്ങലയ്ക്കഴിച്ച് വിട്ട് പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തുക എന്ന ശൈലി തന്നെയാണ് ഇവിടെയും ബിജെപി ആവർത്തിക്കുന്നത്. പണത്തിന് വഴങ്ങാത്തവരെ ജയിലിലടയ്ക്കുകയും, ബിജെപിയിലേക്ക് വരാൻ തയ്യാറുള്ളവരുടെ അഴിമതിക്കറ 'വാഷിംഗ് മെഷീൻ' രാഷ്ട്രീയത്തിലൂടെ കഴുകിക്കളയുകയും ചെയ്യുന്ന അശ്ലീല നാടകമാണ് ബിജെപി ഇന്ത്യ എന്ന വേദിയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
നേരത്തെ പ്രതിപക്ഷത്തുള്ളവരുടെ വീടുകളിൽ ബിജെപി സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് റെയ്ഡ് നടത്തിയെങ്കിൽ ഇന്ന് ബിജെപി ആ വീടുകളെല്ലാം സ്വാഗത തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും സ്നേഹവും സാഹോദര്യവും വാരിവിതറുകയുമാണ്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്.
കോർപ്പറേറ്റ് പണവും ഫാസിസ്റ്റ് കരുനീക്കങ്ങളും
തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെയും കോർപ്പറേറ്റ് പ്രീണനത്തിലൂടെയും സമാഹരിച്ച കോടിക്കണക്കിന് രൂപകൾ എവിടെപ്പോയി എന്ന് ചോദിച്ച് ആരും തേടിച്ചെല്ലേണ്ടതില്ല. കാരണം കോടിക്കണക്കിന് രൂപയാണ് ഇത്തരം കൂറുമാറ്റങ്ങൾക്കായി ബിജെപി കണക്കില്ലാതെ ഒഴുക്കിക്കളയുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളൊന്നും തന്നെ അവരുടെ ലിസ്റ്റുകളിലില്ല. മറിച്ച് പ്രതിപക്ഷമില്ലാത്ത ഒരു ഏകാധിപത്യ രാജ്യം കെട്ടിപ്പടുക്കാനാണ് ആർഎസ്എസ് നയിക്കുന്ന കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുകൾ പ്രഹസനമാവുകയും പണക്കൊഴുപ്പ് ജനാധിപത്യത്തെ വിഴുങ്ങുകയും ചെയ്യുന്ന ഈ ഭീതിദമായ സാഹചര്യത്തെ നിസ്സാരമായി കണ്ട് തള്ളിക്കളയാനാകില്ല.
ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നുവരേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. പണമെറിഞ്ഞ് അധികാരം പിടിക്കാമെന്ന മോദി-ഷാ ഭരണകൂടത്തിന്റെ ഹുങ്കിന് ജനകീയ കോടതിയിലെങ്കിലും കനത്ത തിരിച്ചടി ലഭിച്ചേ മതിയാകൂ. ജനാധിപത്യം വിലയ്ക്കുവാങ്ങാനുള്ളതല്ലെന്നും അത് ജനങ്ങളുടെ പോരാട്ടവീര്യമാണെന്നും ആ തിരിച്ചടിയിലൂടെയെങ്കിലും സംഘപരിവാർ തിരിച്ചറിയണം. ആ തിരിച്ചറിവിന്റെ കാലം വിദൂരമല്ല.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളെയും ബഹുസ്വരതയെയും തകർത്ത് 'ഏകശിലാത്മകമായ' ഒരു ഫാസിസ്റ്റ് രാഷ്‌ട്രം നിർമക്കുക എന്നത് ആർഎസ്എസ്സിന്റെ ലക്ഷ്യമാണ്. ആ ലക്ഷ്യത്തിനായി ഏതറ്റം വരെയും പോകാൻ അവർ മടിക്കില്ല എന്നതിന്റെ തെളിവാണ് ഡൽഹിയിലെ ഈ കൂറുമാറ്റം. എന്നാൽ ആർഎസ്എസ്സിന്റെ ഈ ലക്ഷ്യത്തെ വേരോടെ പിഴുതെറിയേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യമാണ്. വർഗീയതയും കോർപ്പറേറ്റ് പ്രീണനവും മുഖമുദ്രയാക്കിയ ഈ ഭരണകൂടം രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ അവിടെ വെളിച്ചം വീശി, ഇന്ത്യയെ ജനാധിപത്യ രാജ്യമായി നിലനിർത്തേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്.











0 comments