തിരക്കുള്ളപ്പോൾ ഇരട്ടി നിരക്ക് ; ഓൺലൈൻ ടാക്‌സി കമ്പനികൾക്ക് കൊള്ളയടിക്കാം

ന്യൂഡൽഹി
തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടിവരെ ഈടാക്കാൻ ഒല, യൂബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്‌സി സേവന കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി. നിലവിൽ അടിസ്ഥാന നിരക്കിന്റെ 50ശതമാനം വരെ അധികം ഈടാക്കാനുള്ള അനുമതിയാണുണ്ടായിരുന്നത്. തിരക്കില്ലാത്ത സമയങ്ങളിൽ നിരക്കിൽ 50 ശതമാനം വരെ ഇളവെന്ന വ്യവസ്ഥ തുടരുമെന്നുമാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. കാരണമില്ലാതെ യാത്ര റദ്ദാക്കുന്ന യാത്രക്കാരിൽനിന്നും ഡ്രൈവർമാരിൽനിന്നും 100 രൂപവരെ (നിരക്കിന്റെ 10 ശതമാനം) പിഴ ഈടാക്കാം. നിർദേശങ്ങൾ മൂന്നുമാസത്തിനകം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.
ഡ്രൈവർമാർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും 10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസ് പോളിസിയും കമ്പനികൾ ഉറപ്പാക്കണം. വാഹനങ്ങളിൽ ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും ലൊക്കേഷൻ കമ്പനി സിസ്റ്റവുമായി പങ്കുവയ്‌ക്കണമെന്നും മാർഗനിർദേശങ്ങളിലുണ്ട്.









0 comments