എഐ ഉപയോഗിച്ച് ശബ്ദം, രാഹുൽ ഗാന്ധിയുടെ പിഎ ചമഞ്ഞ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 25 ലക്ഷം രൂപ

പ്രതീകാത്മക ചിത്രം
ഡെറാഡൂൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു. ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. രാഷ്ട്രീയ നേതാക്കളുടെ ശബ്ദം കൃത്രിമമായി നിർമ്മിച്ചും വ്യാജ രേഖകൾ കാണിച്ചുമാണ് പ്രതി യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയത്.
വിവിധ രാഷ്ട്രീയ നേതാക്കളുടെ ശബ്ദത്തിലുള്ള ഓഡിയോ ക്ലിപ്പുകൾ കേൾപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇതിനായി എഐ അധിഷ്ഠിതമായ വോയ്‌സ് ക്ലോണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചതായാണ് സൂചന. രാഹുൽ ഗാന്ധിയുടെ അടുത്ത സഹായിയാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി യുവതിയെ സമീപിച്ചത്.
പല ഉന്നത നേതാക്കളുമായി സംസാരിക്കുന്ന രീതിയിലുള്ള ഓഡിയോ ക്ലിപ്പുകൾ ഇയാൾ യുവതിയെ കേൾപ്പിച്ചു. ഇത് രാഹുൽ ഗാന്ധിയുടെയും മറ്റും ശബ്ദമാണെന്ന് യുവതി വിശ്വസിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിവിധ ആവശ്യങ്ങൾ നിറവേറ്റി തരാമെന്ന് വാഗ്ദാനം ചെയ്താണ് പലപ്പോഴായി 25 ലക്ഷം രൂപ വാങ്ങിയത്.
വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെടാതിരിക്കുകയും പ്രതി ഒളിവിൽ പോവുകയും ചെയ്തതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഡെറാഡൂൺ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഉന്നത നേതാക്കളുടെ പേര് പറഞ്ഞ് നടക്കുന്ന ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദവും വീഡിയോയും കൃത്രിമമായി നിർമ്മിക്കുന്ന 'ഡീപ്പ് ഫേക്ക്' തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അപരിചിതർ അയക്കുന്ന സന്ദേശങ്ങളിലും കോളുകളിലും വീഴരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.










0 comments