ad
Deshabhimani

കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ഒരു രൂപ

ഉള്ളിവില കുതിക്കുന്നു, ഇടനിലക്കാരെ നേരിടാൻ വഴിയില്ല; കരുതൽ ശേഖരം പുറത്തെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍

onion
വെബ് ഡെസ്ക്

Published on Aug 28, 2026, 11:19 AM | 2 min read

ന്യൂഡൽഹി: ഇടനിലക്കാരെ പിടിച്ചു നിര്‍ത്താൻ കഴിയാതായതോടെ സവാള വില കുതിക്കുന്നു. പല സംസ്ഥാനങ്ങളിലും കിലോയ്ക്ക് 65 രൂപ എന്ന അപകട പരിധിയും മറികടന്നതോടെ ഇത് രാഷ്ട്രീയ നെഞ്ചിടിപ്പും ഉയര്‍ത്തുന്നു. സവാളയും ഉരുളക്കിഴങ്ങും ഉത്തര സംസ്ഥാനങ്ങളിൽ സാധാരണക്കാരുടെ അ‍ടുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളാണ്. ഇവയുടെ വില ഉയരുന്നത് ഭരണ മാറ്റങ്ങൾക്ക് വരെ കാരണങ്ങളായി മാറിയ ചരിത്രമുണ്ട്.


വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങക്കിടയിൽ ഇപ്പോൾ സവാള വിലയും കുതിച്ചതോടെ അമര്‍ഷം പെരുകി. ഇന്ധന വില വര്‍ധനവും എഥനോൾ കലര്‍ത്തലിന്റെ പേരിലുള്ള ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധനവും ജനം കണ്ടു നിൽക്കുന്നു. യുദ്ധത്തിന്റെയും കാലാവസ്ഥയുടെയും കാരണങ്ങൾ പറഞ്ഞാണ് ഇതുവരെ വിലക്കയറ്റത്തെ ന്യായീകരിച്ചിരുന്നത്. എന്നാൽ സവാള വില കുതിച്ചതോടെ ഈ ന്യായങ്ങൾ ഒന്നും വിലപ്പോവാത്ത സാഹചര്യമായി.


ഇടനിലക്കാരെ നേരിടാനാവാതെ


ഇടനിലക്കാരാണ് വിലവര്‍ധനവിന് കാരണമായിരിക്കുന്നത്. പൂഴ്ത്തിവെപ്പിനെതിരെ കര്‍ശന നടപടി എടുക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ ഇടനിലക്കാരെ ഇതുവരെയും നിയന്ത്രിക്കാനായില്ല. ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ കരുതൽ ശേഖരം പുറത്തെടുക്കും എന്ന് പ്രഖ്യാപിച്ചു.


പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ഉള്ളി റെയിൽ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും നേരിട്ട് 'ഹൈബ്രിഡ് ട്രാൻസ്‌പോർട്ടേഷൻ' മോഡിലൂടെ എത്തിച്ച് വില്പന നടത്തും എന്നാണ് പ്രഖ്യാപനം. നാഫെഡ് (NAFED), എൻ.സി.സി.എഫ് (NCCF) എന്നീ ഏജൻസികൾ വഴിയും കേന്ദ്രീയ ഭണ്ഡാറുകൾ വഴിയും ചില്ലറ വിപണിയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ വിതരണം ചെയ്യും എന്നും അവകാശപ്പെടുന്നു. എന്നാൽ ഇടനിലക്കാര്‍ ഉണ്ടക്കിയ വിലക്കയറ്റത്തെ എന്തുകൊണ്ട് നേരിടാൻ കഴിയുന്നില്ല എന്നതിന് വിശദീകരണമില്ല.


സവാള വില 65 രൂപ മുതൽ 85 വരെയായി ഉയരുമ്പോൾ കര്‍ഷകര്‍ ജീവിക്കാൻ വഴിയില്ലാതെയും കടംപെരുകിയും ആത്മഹത്യ ചെയ്യുന്ന മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും ഇപ്പോഴും നില പരിതാപകരമാണ്. സവാളയ്ക്ക് കിലോയ്ക്ക് രണ്ട് രൂപയിൽ താഴെ മാത്രം ലഭിക്കുന്ന സാഹചര്യമാണ്. ചില സംസ്ഥാനങ്ങളിൽ മാത്രം അഞ്ച് രൂപ വരെ ലഭിക്കയും ചെയ്യുന്നു.


സവാള പോലുള്ള ഇനങ്ങളിൽ വിലക്കയറ്റം പെട്ടെന്ന് പ്രതിഫലിക്കാറുണ്ട്. ദീര്‍ഘദൂരത്തു നിന്നും ചരക്ക് എത്തിക്കുന്നതും വഴിയിലെ പ്രശ്നങ്ങളും സമയ നഷ്ടം ഉണ്ടാക്കുന്ന ഭാരക്കുറവും ഇന്ധന വിലവര്‍ധനവും എല്ലാം പെട്ടെന്ന് പ്രതിഫലിക്കാം. എന്നാൽ ഉത്തര സംസ്ഥാനങ്ങളിൽ ഈ ന്യായം ആവര്‍ത്തിക്കാൻ കഴിയുന്നില്ല. പാടങ്ങളിൽ നിന്നും നേരിട്ട് എത്തിക്കുന്ന വിപണികളിൽ വരെ വിലക്കയറ്റം ബാധിച്ചിരിക്കുന്നു. എന്നാൽ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ഒന്നും ലഭിക്കുന്നുമില്ല. ഇവ ആര് കൊണ്ടു പോകുന്നു. ആരാണ് കൊള്ള ലാഭം കൊയ്യുന്നത് എന്നതിൽ നിശ്ശബ്ദത പാലിച്ചാണ് കരുതൽ സ്റ്റോറേജുകളിൽ കൈവെച്ച് പ്രശ്ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.


സവാളയിലെ രാഷ്ട്രീയ പേടി


ഇതിൽ രാഷ്ട്രീയ ആശങ്കയും ഉണ്ട്. 1998 ൽ ബിജെപിക്ക് ഡൽഹി ഭരണം നഷ്ടമായിരുന്നു. അന്ന് സവാള വില 60 രൂപ എന്ന അപകട പരിധിയും കവിഞ്ഞു. ചില സമയത്ത് 80 രൂപയോളം എത്തിയ സാഹചര്യം ഉണ്ടായി. ഇത് സാധാരണ ജനങ്ങളുടെ അടുക്കളകളെ നിശ്ചലമാക്കി. സവാളയും റൊട്ടിയും മാത്രമായി ജീവിക്കുക എന്ന കടുത്ത സാഹചര്യത്തെ പോലും വെല്ലുവിളിയിലാക്കി. പ്രതിപക്ഷം ഇതിനെ പ്രചരണായുധമാക്കി. സുഷമ സ്വരാജ് സര്‍ക്കാര്‍ വീഴുകയും ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു.



നഗ്നമായ ചൂഷണം


കർഷകർക്ക് കുറഞ്ഞത് കിലോയ്ക്ക് 10 രൂപയെങ്കിലും ലഭിക്കുന്ന രീതിയിൽ കേന്ദ്ര ഏജൻസികളായ നാഫെഡും (NAFED) എൻ.സി.സി.എഫും (NCCF) നേരിട്ട് സവാള സംഭരിക്കണമെന്ന് വര്‍ഷങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടുന്നതാണ്. ഇപ്പോഴും അവര്‍ക്ക് ലഭിക്കുന്നത് ഒരു രൂപ മുതൽ രണ്ടു രൂപവരെയാണ്.


കര്‍ഷകര്‍ക്ക് സംഭരണ ശേഷിയില്ല. ഇടനിലക്കാര്‍ സീസണിൽ ചെറിയ വിലയ്ക്ക് ഉള്ളി വാങ്ങി സംഭരിക്കും. പൂഴ്ത്തി വെച്ച് വിലവര്‍ധ സൃഷ്ടിച്ച് വിറ്റഴിക്കും. കർഷക നേതാവ് രാകേഷ് ടികായതിനെ പോലുള്ളവര്‍ ഇതിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തിയിരുന്നു. ആരാണ് ഈ ഇടനിലക്കാരെ സംരക്ഷിക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നു. പക്ഷേ വില വര്‍ധന തുടരുകയാണ്. ഇടനിലക്കാരെ വെറുതെ വിട്ട് കരുതൽ ശേഖരത്തിൽ കൈവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home