മൂന്ന് സെഞ്ചുറി, 526 റൺസ്; റെക്കോഡ് അടി തുടർന്ന് അസറുദ്ദീൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണിൽ ഒരു ബാറ്ററുടെ പ്രകടനം മാത്രം എടുത്തുപറയേണ്ടിവന്നാൽ അത് മുഹമ്മദ് അസറുദ്ദീന്റേതാണ്. ആലപ്പി റിപ്പിൾസിന്റെ ഉപനായകനായ അസർ ഓരോ മത്സരവും പിന്നിടുമ്പോൾ റൺസ് കൂട്ടുക മാത്രമല്ല, കെസിഎല്ലിന്റെ റെക്കോഡ് പുസ്തകവും തിരുത്തിക്കൊണ്ടിരിക്കുകയാണ്.
ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും സഹിതം 526 റൺസ് അടിച്ചുകൂട്ടിയ അസറുദ്ദീൻ 175.33 എന്ന മികച്ച ശരാശരിയും 202.3 എന്ന വിസ്മയകരമായ സ്ട്രൈക്ക് റേറ്റും നിലനിർത്തി. ഇതോടൊപ്പം കെസിഎല്ലിൽ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരമായും 1000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായും അദ്ദേഹം ചരിത്രത്തിൽ ഇടം നേടി.
സീസണിന്റെ തുടക്കം മുതൽ തന്നെ അസറിന്റെ ബാറ്റിങ്ങിൽ ഒരു പ്രത്യേകത വ്യക്തമായിരുന്നു. ക്രീസിൽ നിലയുറപ്പിക്കാൻ കൂടുതൽ പന്തുകൾ ആവശ്യമായിരുന്നില്ല. പവർപ്ലേയിൽ തന്നെ ബൗളർമാരെ സമ്മർദത്തിലാക്കി മത്സരം തന്റെ നിയന്ത്രണത്തിലാക്കുകയാണ് അസറുദീന്റെ രീതി. ഏഴ് ഇന്നിങ്‌സുകളിൽ 29 ഫോറുകൾക്കൊപ്പം 42 സിക്‌സുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.
കൊല്ലത്തിനെതിരായ 100 റൺസ് പ്രകടനം
ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരായ മത്സരത്തിൽ ഈ ആക്രമണത്തിന്റെ ആദ്യ വലിയ പതിപ്പ് കണ്ടു. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടിയപ്പോൾ അസർ 51 പന്തിൽ പുറത്താകാതെ 100 റൺസ് നേടി. ആറ് ഫോറുകളും ഏഴ് സിക്‌സുകളും നിറഞ്ഞ ഇന്നിങ്‌സിൽ ആ മത്സരം ആലപ്പി ആറു വിക്കറ്റിന് തോറ്റെങ്കിലും അസറിന്റെ സെഞ്ചുറി സീസണിലെ അദ്ദേഹത്തിന്റെ മുന്നേറ്റത്തിന് വ്യക്തമായ സൂചനയായിരുന്നു.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ 112 റൺസ് പ്രകടനം
അടുത്ത വലിയ പ്രകടനം കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെയായിരുന്നു. 214 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ആലപ്പിയെ അസറുദ്ദീൻ ഒറ്റയ്ക്ക് മുന്നിൽനിന്ന് നയിച്ചു. 60 പന്തിൽ അഞ്ച് ഫോറും പത്ത് സിക്‌സും സഹിതം പുറത്താകാതെ 112 റൺസ്. 186.67 സ്ട്രൈക്ക് റേറ്റിൽ പിറന്ന ആ ഇന്നിങ്‌സിന്റെ കരുത്തിൽ ആലപ്പി 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 215 റൺസിലെത്തി ആറു വിക്കറ്റിന്റെ ആവേശജയം സ്വന്തമാക്കി. സമ്മർദമുള്ള വലിയ റൺ ചേസിലും തന്റെ സ്വാഭാവിക ആക്രമണം കൈവിടാതെ കളിക്കാമെന്ന് അസർ തെളിയിച്ച മത്സരമായിരുന്നു അത്.
കൊല്ലത്തിനെതിരായ രണ്ടാം സെഞ്ചുറി
കൊല്ലം സെയിലേഴ്‌സിനെതിരെയുള്ള രണ്ടാം മത്സരത്തിലുംഅസറുദ്ധീൻ കൊടുങ്കാറ്റായി. ആലപ്പി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 253 റൺസ് അടിച്ചുകൂട്ടിയ മത്സരത്തിൽ അസർ 52 പന്തിൽ പുറത്താകാതെ 107 റൺസ് നേടി. നാല് ഫോറും എട്ട് സിക്‌സും ഉൾപ്പെട്ട ഇന്നിങ്‌സിന്റെ സ്ട്രൈക്ക് റേറ്റ് 205.77. . മറുപടിയിൽ കൊല്ലം 170 റൺസിന് പുറത്തായതോടെ ആലപ്പിക്ക് 83 റൺസിന്റെ വമ്പൻ ജയം.
107 റൺസ് നോട്ടൗട്ട് ആയ മത്സരത്തിൽ അസറിന് മറ്റൊരു ചരിത്രനേട്ടവും ലഭിച്ചു. കേരള ക്രിക്കറ്റ് ലീഗിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ബാറ്ററായി മാറി അസറുദ്ദീൻ. സെഞ്ചുറികൾക്കൊപ്പം മൂന്ന് അർധസെഞ്ചുറികളും നേടിയെന്നതാണ് ഈ സീസണിലെ അദ്ദേഹത്തിന്റെ സ്ഥിരത എത്രത്തോളമെന്ന് വ്യക്തമാക്കുന്നത്. ഏഴ് ഇന്നിങ്‌സുകളിൽ ആറെണ്ണത്തിലും അമ്പത് കടന്ന പ്രകടനം ട്വന്റി 20 ക്രിക്കറ്റിൽ തന്നെ അസാധാരണമാണ്.
മഴ മുടക്കിയില്ലായിരുന്നെങ്കിൽ കൊച്ചിക്കെതിരെയും സെഞ്ചുറി ?
കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിലും അസറുദ്ദീൻ ആക്രമണ ബാറ്റിങ് തുടർന്നു. ഏഴ് ഓവറായി ചുരുക്കിയ മത്സരത്തിൽ 21 പന്തിൽ പുറത്താകാതെ 54 റൺസാണ് അസർ നേടിയത്. ഒരു ഫോറും ആറ് സിക്സും ഉൾപ്പെട്ട ഇന്നിങ്സിൽ 257.14 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ആലപ്പി റിപ്പിൾസ് ഏഴ് ഓവറിൽ 125/1 എന്ന കൂറ്റൻ സ്കോറിലെത്തി. 74 റൺസിനായിരുന്നു ആലപ്പിയുടെ വിജയം.
ഈ ഇന്നിങ്സ് അസറിന്റെ സീസണിലെ മൂന്ന് അർധസെഞ്ചുറികളിലൊന്നായിരുന്നു. ഒരു പക്ഷെ മഴമൂലം 7 ഓവർ ആക്കി മത്സരം ചുരുക്കിയില്ലായിരുന്നെങ്കിൽ ഈ മത്സരത്തിലും സെഞ്ചുറി നേടി കെസിഎല്ലിൽ തുടർച്ചയായി 4 സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡിലേക്ക് അസറുദ്ധീൻ കുതിക്കുമായിരുന്നു.
526 റൺസിൽ 69.9 ശതമാനത്തോളം ബൗണ്ടറികളിലൂടെയാണ് വന്നത്. 112 നോട്ടൗട്ടാണ് അസറുദ്ദീന്റെ ഉയർന്ന സ്കോർ. എന്നാൽ കണക്കുകളിൽ ഏറ്റവും ശ്രദ്ധേയമായത് 202.3 എന്ന സ്ട്രൈക്ക് റേറ്റാണ്. വലിയ സ്കോർ നേടുന്നതിനൊപ്പം രണ്ട് പന്തിൽ ശരാശരി നാലിലധികം റൺസ് എന്ന വേഗത്തിൽ ബാറ്റ് ചെയ്യാൻ കഴിയുന്നുവെന്നതാണ് ഈ സീസണിലെ അസറിന്റെ പ്രത്യേകത.
കെസിഎല്ലിന്റെ ചരിത്രത്തിൽ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടവും ഈ കുതിപ്പിനിടയിൽ അസറുദ്ദീൻ സ്വന്തമാക്കി. ഒരു ലീഗിന്റെ ആദ്യ വലിയ ബാറ്റിങ് നാഴികക്കല്ലിൽ സ്വന്തം പേര് രേഖപ്പെടുത്തിയതിലൂടെ സീസണിലെ പ്രകടനം ഒരു വർഷത്തെ മികവിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചു.
തളങ്കര കടവത്ത് പരേതരായ ബി കെ മൊയ്‌തുവിന്റെയും നഫീസയുടെ എട്ടാമത്തെ മകനാണ് അസ്‌ഹറുദീൻ. അജ്‌മലെന്ന പേര് മുൻ ഇന്ത്യൻ നായകനോടുള്ള ആരാധന മൂത്ത് മുഹമ്മദ് അസറുദ്ദീൻ എന്നാക്കിയതാണ്. വീടിനടുത്തുള്ള തളങ്കര ക്രിക്കറ്റ് ക്ലബ്ബാണ് (ടാസ്) കളി പഠിപ്പിച്ചത്.
2013 ൽ അണ്ടർ 19 കേരള ടീം അംഗം. അണ്ടർ 23 ടീം അംഗമായപ്പോൾ മഹാരാഷ്‌ട്രയ്‌ക്കും സൗരാഷ്ര്‌ട്രയ്‌ക്കുമെതിരെ മൂന്ന് സെഞ്ചുറിയടിച്ച് അസ്‌ഹർ വരവറിയിച്ചതാണ്. 2016, 17, 18 വർഷങ്ങളിൽ മികച്ച വിക്കറ്റ് കീപ്പർക്കുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ അനിൽ പണിക്കർ സ്‌മാരക പുരസ്‌കാര ജേതാവുമാണ് അസറുദ്ദീൻ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 43 മത്സരങ്ങളിലെ 66 ഇന്നിങ്‌സുകളിൽ നിന്ന് 1,932 റൺസാണ് അസറുദ്ദീന്റെ സമ്പാദ്യം. 177 നോട്ടൗട്ട് ആണ് ഉയർന്ന സ്കോർ; രണ്ട് സെഞ്ചുറിയും 11 അർധസെഞ്ചുറിയും അദ്ദേഹം നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ 55 മത്സരങ്ങളിൽ നിന്ന് 1,163 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളും ഇതിലുണ്ട്. ആഭ്യന്തര ട്വന്റി 20 ക്രിക്കറ്റിൽ 137 നോട്ടൗട്ട് എന്ന വലിയ ഇന്നിങ്‌സും അസറിന്റെ പേരിലുണ്ട്.
എന്നാൽ ആ പഴയ കണക്കുകളേക്കാൾ വ്യത്യസ്തനായ ഒരു അസറുദ്ദീനെയാണ് കെസിഎല്ലിൽ ഇപ്പോൾ കാണുന്നത്. മുമ്പ് വലിയ ഇന്നിങ്‌സുകൾ ഇടയ്ക്കിടെ പിറന്നിരുന്നെങ്കിൽ ഇപ്പോൾ അത് തുടർച്ചയായി സംഭവിക്കുന്നു. ആക്രമണം മാത്രമല്ല, ഇന്നിങ്‌സ് അവസാനം വരെ കൊണ്ടുപോകാനുള്ള ശേഷിയും അദ്ദേഹം നേടിയെടുത്തു. 100, 112, 107 എന്നിങ്ങനെ മൂന്ന് സെഞ്ചുറികളിലും പുറത്താകാതെ നിന്നത് അതിന്റെ തെളിവാണ്.
ആലപ്പിയുടെ ബാറ്റിങ് പദ്ധതിയിലും അതുകൊണ്ടുതന്നെ അസറുദ്ദീൻ കേന്ദ്രകഥാപാത്രമാണ്. പവർപ്ലേയിൽ റൺറേറ്റ് ഉയർത്താൻ ഒരാൾ, വമ്പൻ ലക്ഷ്യം പിന്തുടരുമ്പോൾ ഇന്നിങ്‌സ് നിയന്ത്രിക്കാൻ ഒരാൾ, വലിയ സ്കോർ ഉയർത്തേണ്ടപ്പോൾ അവസാന ഓവർ വരെ ക്രീസിൽ നിൽക്കാൻ ഒരാൾ ഈ മൂന്ന് ചുമതലകളും ഒരേസമയം ഏറ്റെടുക്കുകയാണ് അസറുദ്ദീൻ.
കെസിഎൽ 2026 അവസാനിക്കുമ്പോൾ കിരീടം ആരുടെ കൈകളിലെത്തുമെന്ന് പിന്നീട് അറിയാം. എന്നാൽ ഈ സീസണിന്റെ ബാറ്റിങ് കഥ എഴുതുമ്പോൾ ആദ്യ അധ്യായങ്ങളിൽ തന്നെ മുഹമ്മദ് അസറുദ്ദീന്റെ പേര് ഉണ്ടാകും. കാരണം അസർ ഈ സീസണിൽ റൺസ് നേടുകയല്ല ചെയ്തത്; കെസിഎല്ലിൽ ബാറ്റിങ് മികവിന് പുതിയൊരു മാനദണ്ഡം തന്നെ സൃഷ്ടിക്കുകയാണ്.










0 comments