ad
Deshabhimani

പഞ്ചസാര വിലക്കയറ്റം; ആനുകൂല്യം നിഷേധിക്കപ്പെട്ട് മഹാരാഷ്ട്രയിലെ കരിമ്പ് കര്‍ഷകര്‍

sugarcane
വെബ് ഡെസ്ക്

Published on Aug 30, 2026, 03:19 PM | 1 min read

മുംബൈ : പഞ്ചസാര വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കരിമ്പിന് ഉയർന്ന താങ്ങുവില ആവശ്യപ്പെട്ടുള്ള മഹാരാഷ്ട്രയിലെ കർഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു. പഞ്ചസാര വില വർധനവിലൂടെ കേന്ദ്ര താൽപര്യമുള്ള പഞ്ചസാര മില്ലുകൾക്ക് നേട്ടമുണ്ടായെന്നും എന്നാൽ അതിന്റെ ആനുകൂല്യങ്ങളൊന്നും കർഷകർക്ക് ലഭിച്ചിട്ടില്ലെന്നും കർഷകസംഘടനയായ സ്വാഭിമാനി ഷേത്കാരി സംഘടന ചൂണ്ടിക്കാട്ടി.
തങ്ങൾക്ക് അർഹമായത് ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് കരിമ്പ് കർഷകർ. കർഷകരെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് പഞ്ചസാര വില 40 ശതമാനത്തിലധികമായതോടെയാണ് കർഷകസംഘടനകൾ സമരത്തിനിറങ്ങിയത്.


പുണെയിലെ ഷുഗർ കമീഷണറേറ്റിനു മുന്നിലും കർഷകർ പ്രതിഷേധിച്ചു. കർഷകർക്ക് അർഹമായ അവകാശം നിഷേധിച്ചാൽ കരിമ്പുവെട്ട്‌ പൂർണമായി തടസപ്പെടുത്തി സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. എന്നാൽ, കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സംസ്ഥാന ഷുഗർ കമീഷണറേറ്റ് ഇതുവരെയും ഔദ്യോ​ഗിക പ്രതികരണം നൽകിയിട്ടില്ല. പെട്രോളിൽ എഥനോൾ കലർത്താനായി കരിമ്പ് വൻതോതിൽ ഉപയോ​ഗിച്ചതാണ് രാജ്യത്ത് പഞ്ചസാരക്ഷാമം രൂക്ഷമാകാൻ കാരണം.


രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കരിമ്പ് കൃഷിയുടെയും പഞ്ചസാര വ്യവസായത്തിന്റെയും പ്രധാന കേന്ദ്രങ്ങളും മഹാരാഷ്ട്രയിലാണ്. പശ്ചിമ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ, കൊൽഹാപൂർ, പുണെ, സാംഗ്ലി, സോലാപൂർ തുടങ്ങിയ ജില്ലകളിലാണ് കരിമ്പ് കൃഷിയും പഞ്ചസാര നിർമ്മാണവും ഏറ്റവും കൂടുതൽ നടക്കുന്നത്.
2025–26 സീസണിൽ ഉയർന്ന ഉത്പാദനം പ്രതീക്ഷിച്ചെങ്കിലും കനത്ത മഴ കാരണം ഇടിവുണ്ടായി. പിന്നാലെയാണ് ഇരട്ടപ്രഹരം പോലെ ഇ 20 യ്ക്കായി കരിമ്പുകൾ വ്യാപകമായി ഉപയോ​ഗിച്ചത്. ഇതോടെ വിപണിയിൽ ലഭ്യമായ പഞ്ചസാരയുടെ അളവ്‌ വീണ്ടും താഴ്ന്നു. പഞ്ചസാര വില കുതിച്ചുയരുകയും ചെയ്തു.


പെട്രോളിൽ കലർത്താനുള്ള എഥനോൾ നിർമ്മാണം രാജ്യത്തെ ഭക്ഷ്യസുരക്ഷയെ തന്നെ ബാധിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. കരിമ്പിന്റെയും ചോളത്തിന്റെ അധിക ഉപയോ​ഗം മൂലം വിപണിയിൽ പഞ്ചസാര, കോഴിമുട്ട തുടങ്ങി അവശ്യസാധനങ്ങളുടെ വില കൂടുകയാണ്. ആഘോഷ സീസണുകൾ വരവായതോടെ മധുരപലഹാര നിർമ്മാണമേഖലയും പ്രതിസന്ധിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home