തീരാത്ത പോരാട്ടം; പഞ്ചാബിൽ വീണ്ടും കർഷക പ്രക്ഷോഭം

ചണ്ഡീഗഢ്: വിളകൾക്ക് നിയമപരമായി ഉറപ്പുള്ള താങ്ങുവില, കാർഷിക വായ്പ എഴുതിത്തള്ളല്‍, വൈദ്യുതി-വിത്ത് ബില്ലുകൾ പിൻവലിക്കൽ തുടങ്ങി ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച വീണ്ടും വൻ പ്രക്ഷോഭത്തിലേക്ക്. സെപ്തംബർ ഒന്നുമുതൽ ഏഴുവരെ ചണ്ഡീഗഢ്–മൊഹാലി മേഖലയിൽ ഒരാഴ്ച നീളുന്ന ധർണ നടത്താനാണ് തീരുമാനം. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ട്രാക്ടർ–ട്രോളികളും ട്രക്കുകളും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമായി സമരകേന്ദ്രത്തിലേക്ക് നീങ്ങിത്തുടങ്ങി.
32 കർഷക സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത കിസാൻ മോർച്ചയാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ഭാരതീയ കിസാൻ യൂണിയൻ രാജേവാൾ, ഭാരതീയ കിസാൻ യൂണിയൻ ദക്കൗണ്ട, കീർത്തി കിസാൻ യൂണിയൻ, പഞ്ചാബ് കിസാൻ യൂണിയൻ തുടങ്ങിയ സംഘടനകൾ സമരത്തിന്റെ ഭാഗമാകും. ഒരാഴ്ച തങ്ങുന്നതിനാവശ്യമായ ഭക്ഷണവും മറ്റ് സാധനങ്ങളും ട്രാക്ടർ ട്രോളികളിൽ എത്തിക്കാനാണ് തീരുമാനം. ബസുകളിലും ട്രെയിനുകളിലുമായി കർഷകരെത്തും.
ചണ്ഡീഗഢിലെ സെക്ടർ 48-സിയിലാണ് പ്രധാന സമരകേന്ദ്രം ഒരുക്കുന്നത്. ഐഐഎസ്ഇആർ ടി-പോയിന്റിൽനിന്ന് ട്രിബ്യൂൺ ചൗക്കിലേക്കുള്ള റോഡിന്റെ ഒരു ഭാഗത്താണ് കർഷകർ തമ്പടിക്കുക. ട്രാക്ടർ–ട്രോളികൾ പാർക്ക് ചെയ്യുന്നതിനായി സമീപ റോഡുകളും പാർക്കുകളും ഉൾപ്പെടുത്തി പ്രത്യേക ക്രമീകരണവും സംയുക്ത കിസാൻ മോർച്ച തയ്യാറാക്കിയിട്ടുണ്ട്.
പഞ്ചാബിന്റെ വിവിധ മേഖലകളിൽനിന്നുള്ള കർഷകർക്ക് പ്രത്യേകം യാത്രാമാർഗങ്ങളും സംഘടന നിർദേശിച്ചിട്ടുണ്ട്. ജലന്ധർ–ലുധിയാന ഭാഗത്തുനിന്നെത്തുന്നവർ ഖരാറിന് ശേഷം എയർപോർട്ട് റോഡ് വഴിയും സിർഹിന്ദ് ഭാഗത്തുനിന്നുള്ളവർ ലാൻഡ്രാൻ ചൗക്ക്–സോഹാന സാഹിബ് വഴിയും രാജ്പുര ഭാഗത്തുനിന്നുള്ളവർ ഛത്ബീർ വഴി എയർപോർട്ട് റോഡിലേക്കുമെത്തും.
സമരത്തിനായി എത്തുന്ന കർഷകരെ തടയാൻ സർക്കാർ നീക്കം നടത്തുമെന്ന ആശങ്കയും നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. സെപ്തംബർ ഒന്നിന് വൈകിട്ടോടെ പ്രധാന വേദി ഒരുക്കും. സമരത്തിന്റെ ഭാഗമായി ചണ്ഡീഗഢിലേക്കും മൊഹാലിയിലേക്കും വൻതോതിൽ ട്രാക്ടറുകൾ എത്തുമെന്നാണ് പ്രതീക്ഷ.
എംഎസ്‌പിക്ക് നിയമപരിരക്ഷ വേണം
ഡോ. എം എസ് സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച് എല്ലാ കാർഷിക വിളകൾക്കും നിയമപരമായി ഉറപ്പുള്ള താങ്ങുവില നൽകണമെന്നാണ് പ്രധാന ആവശ്യം. വർഷങ്ങളായി കർഷക പ്രക്ഷോഭങ്ങളുടെ കേന്ദ്ര ആവശ്യമായിട്ടും എംഎസ്‌പിക്ക് നിയമപരിരക്ഷ ഉറപ്പാക്കാത്തതിനെതിരെയാണ് വീണ്ടും കർഷകർ തെരുവിലിറങ്ങുന്നത്. കൃഷിക്ക് ചെലവായ പണത്തേക്കാൾ കർഷകന് മാന്യമായ ലാഭം ഉറപ്പാക്കി വില കിട്ടണം എന്നതാണ് സ്വാമിനാഥൻ കമ്മീഷൻ നിർദേശത്തിന്റെ കാതൽ.
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെടുന്നു. കരിമ്പിന് ക്വിന്റലിന് 500 രൂപ വില ഉറപ്പാക്കുക, സ്വകാര്യ പഞ്ചസാര മില്ലുകളിൽനിന്നുള്ള പണം സഹകരണ മില്ലുകളുടെ മാതൃകയിൽ ഒറ്റ കൗണ്ടറിലൂടെ നൽകുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.
കർഷകർ, കർഷകത്തൊഴിലാളികൾ, ഗ്രാമീണ കരകൗശല തൊഴിലാളികൾ എന്നിവർക്കുള്ള വാർധക്യ പെൻഷൻ പ്രതിമാസം 10,000 രൂപയായി ഉയർത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.
വൈദ്യുതി–വിത്ത് ബില്ലുകൾ പിൻവലിക്കണം
കേന്ദ്രസർക്കാരിന്റെ വൈദ്യുതി ബിൽ 2025, വിത്ത് ബിൽ 2025 എന്നിവ പിൻവലിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കാർഷികമേഖലയിലെ അവകാശങ്ങളും വിത്തിന്മേലുള്ള കർഷകരുടെ നിയന്ത്രണവും ദുർബലപ്പെടുത്തുന്ന നടപടികളെ അംഗീകരിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്.
അമേരിക്കയുമായും യൂറോപ്യൻ രാജ്യങ്ങളുമായും കേന്ദ്രം മുന്നോട്ടുകൊണ്ടുപോകുന്ന സ്വതന്ത്ര വ്യാപാര കരാറുകളെയും സംയുക്ത കിസാൻ മോർച്ച എതിർക്കുന്നു. വിദേശ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി കൂടുതൽ തുറന്നുകൊടുക്കുന്നത് ആഭ്യന്തര കർഷകരെ വിലമത്സരത്തിൽ തള്ളിവിടുമെന്നാണ് കർഷക സംഘടനകളുടെ ആശങ്ക.
പഞ്ചാബിന്റെ നദീജലവും പ്രധാന ആവശ്യം
പഞ്ചാബിന്റെ നദീജലവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ഒപ്പിട്ട എല്ലാ കരാറുകളും റദ്ദാക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡിൽ പഞ്ചാബിനുള്ള പ്രാതിനിധ്യം പുനഃസ്ഥാപിക്കണമെന്നും ഡാം സുരക്ഷാ നിയമവും 2024ലെ ദുരന്തനിവാരണ നിയമവും പിൻവലിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കാർഷിക വില, കടബാധ്യത, വൈദ്യുതി, വിത്ത്, ജലാവകാശം, വിദേശ വ്യാപാര കരാറുകൾ തുടങ്ങി കർഷകരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെ ഒന്നിച്ചുയർത്തിയാണ് ഇത്തവണത്തെ പ്രക്ഷോഭം. 2020–21ലെ ചരിത്രപരമായ കർഷക സമരത്തിന് ശേഷം കേന്ദ്രത്തിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ലെന്ന ശക്തമായ സന്ദേശം നൽകാനാണ് ഒരാഴ്ച നീളുന്ന ചണ്ഡീഗഢ്–മൊഹാലി ധർണയിലൂടെ സംയുക്ത കിസാൻ മോർച്ച ഒരുങ്ങുന്നത്.










0 comments