സായൂജ്യയും നന്ദൻ ജിയും ഒന്നിച്ച പ്രണയചിത്രം ഹിറ്റ്; ജോയൽ ഡേവിസിന്റെ ‘സോൾമേറ്റ്സ്’
കൊച്ചി: ‘ചെറായി ബീച്ചിലെ സായാഹ്നങ്ങളേക്കാൾ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി’... നടാഷയുടെയും കാര്‍ത്തിക്കിന്‍റെയും പ്രണയകഥ പറയുന്ന ‘സോൾമേറ്റ്സ് – ഒരു സാത്തുക്കുടി പ്രണയം’ പുറത്തിറങ്ങി. ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ ഡേവിസ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് യുട്യൂബിലെത്തിയിരിക്കുന്നത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയില്‍ ജോയൽ ഡേവിസ് ഒരു ഷോർട്ട് ഫിലിം സംവിധായകനാണ്. സിനിമയ്ക്കുള്ളിൽ ജോയൽ ഒരുക്കുന്ന ചിത്രമാണ് ‘സോൾമേറ്റ്സ്’. ജോയലിന്റെ സഹോദരനും നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രവുമായ ജസ്റ്റിൻ ഡേവിസാണ് ഈ ചിത്രത്തിന്റെ നിർമാതാവ്. അങ്ങനെ സിനിമയിൽ പ്രേക്ഷകർ കണ്ട ജോയലിന്റെ സാങ്കൽപ്പിക ഷോർട്ട് ഫിലിം ഇപ്പോൾ മുഴുനീള രൂപത്തിൽ യഥാർഥ റിലീസായി എത്തിയിരിക്കുകയാണ്.
ഷോർട്ട് ഫിലിമിന്റെ ക്രെഡിറ്റുകളിലും സിനിമയ്ക്കുള്ളിലെ കഥാപാത്രങ്ങൾ തന്നെ തുടരുന്നു. സംവിധായകനായി ജോയൽ ഡേവിസിന്റെയും നിർമാതാവായി ജസ്റ്റിൻ ഡേവിസിന്റെയും പേരുകളാണ് നൽകിയിരിക്കുന്നത്. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ക്രെഡിറ്റുകളിലും യഥാർഥ ജീവിതത്തിലെ പേരുകൾക്ക് പകരം സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ബ്രിന്റോ മുണ്ടപറമ്പിലാണ് സഹനിർമാണം. രോഹിത് മൊറേലിയാണ് ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ആൽബിൻ അങ്ങമാലി സംഗീതവും ജോസെവിൻ മൂക്കന്നൂർ സൗണ്ട് ഡിസൈനും ഫൈനൽ മിക്സിങ്ങും നിർവഹിച്ചു. വിഷ്ണു സദാശിവനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.
സായൂജ്യയുടെയും നന്ദൻ ജിയുടെയും പ്രണയകഥയാണ് ‘സോൾമേറ്റ്സ്’ പറയുന്നത്. പാർവതി അയ്യപ്പദാസും വിനീത് വിശ്വവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയലിന്റെ സഹോദരനായ ജസ്റ്റിൻ ഡേവിസും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
സിനിമയിലെ ഒരു കഥാപാത്രത്തിന്റെ സൃഷ്ടിയെ അതേ കഥാപാത്രത്തിന്റെ പേരിലും അതേ കഥാലോകത്തിന്റെ തുടർച്ചയിലും യഥാർഥ ഷോർട്ട് ഫിലിമായി പുറത്തിറക്കിയതാണ് ഈ പരീക്ഷണത്തിന്റെ കൗതുകം. സിനിമയ്ക്കുള്ളിൽ ജോയൽ പറഞ്ഞതും ഒരുക്കിയതുമായ ലോകം സിനിമയ്ക്ക് പുറത്തേക്കും കൊണ്ടുവന്നതോടെ ‘സോൾമേറ്റ്സ്’ ഒരു സാധാരണ പ്രൊമോഷൻ വീഡിയോയിൽ നിന്ന് വേറിട്ടുനിൽക്കുകയാണ്.
‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ജോയലിന്റെ ലോകത്തുനിന്ന് നേരിട്ട് എത്തിയതുപോലെ തോന്നിക്കുന്ന ഈ ഷോർട്ട് ഫിലിമിലൂടെ സായൂജ്യയുടെയും നന്ദൻ ജിയുടെയും പ്രണയകഥ മുഴുവനായി കാണാമെന്നതാണ് പ്രേക്ഷകർക്ക് പുതിയ അനുഭവം. സിനിമയ്ക്കുള്ളിലെ ഒരു കഥാപാത്രത്തിന്റെ സൃഷ്ടിക്ക് സ്വതന്ത്രമായ റിലീസ് നൽകി അതേ സാങ്കൽപ്പിക ലോകം സിനിമയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ച ‘സോൾമേറ്റ്സ്’ അതുകൊണ്ടുതന്നെ കൗതുകകരമായൊരു സിനിമാ പരീക്ഷണമായി മാറുകയാണ്.










0 comments