Deshabhimani

print edition ജെപിസി–സുപ്രീംകോടതി കൂടിക്കാഴ്‌ച; നടുക്കം രേഖപ്പെടുത്തി 
മുൻ ജഡ്‌ജിമാർ

supreme Court
avatar
സ്വന്തം ലേഖകൻ

Published on Oct 05, 2026, 02:42 AM | 1 min read

ന്യൂഡൽഹി: ബിജെപി പദ്ധതിയായ ‘ഒറ്റ തെരഞ്ഞെടുപ്പ്‌ ’ ലക്ഷ്യമിട്ടുള്ള ബില്ലുകൾ പരിശോധിക്കുന്ന പാർലമെന്റിന്റെ സംയുക്ത സമിതിയുമായി (ജെപിസി) സുപ്രീംകോടതി കൂടിക്കാഴ്‌ച നിശ്ചയിച്ചതിൽ നടുക്കം രേഖപ്പെടുത്തി മുൻ ജഡ്‌ജിമാർ.


സുപ്രീംകോടതി മുൻ ജഡ്‌ജിമാരായ എ കെ പട്നായിക്, മദൻ ബി ലോകൂർ, സുധാൻഷു ധൂലിയ എന്നിവരാണ്‌ രൂക്ഷവിമർശം ഉന്നയിച്ചത്‌.

നിയമ നിർമാണത്തിനുമുമ്പ് നിയമം എന്താണെന്ന് വിശദമാക്കാൻ പാർലമെന്റ്‌സമിതി ജഡ്‌ജിമാരെ കാണുന്നത്‌ വ്യവഹാര കോടതികളെ സമീപിച്ച് അവരുടെ കേസ് എന്താണെന്ന് അറിയിക്കുന്നതിന്‌ തുല്യമാണെന്ന്‌ എ കെ പട്‌നായിക്‌ പറഞ്ഞു. ഔപചാരിക സന്ദർശനത്തിൽ മാത്രമേ നിയമനിർമാണ സഭയും ജഡ്‌ജിമാരും പരസ്‌പരം കാണാവൂവെന്നും അദ്ദേഹം പറഞ്ഞു.


ഒറ്റ തെരഞ്ഞെടുപ്പ്‌ കോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന്‌ എല്ലാവർക്കും അറിയാമെന്നും ജെപിസി ക്ഷണം കോടതി സ്വീകരിച്ചത്‌ ഞെട്ടിക്കുന്നുവെന്നും മദൻ ബി ലോകൂർ അഭിപ്രായപ്പെട്ടു. എങ്ങനെയാണ് കോടതി അനുമതി നൽകിയതെന്നും അദ്ദേഹം ചോദിച്ചു.


നിയമനിർമാണ സഭയും സർക്കാരും നടത്തുന്ന അമിതാധികാരം പരിശോധിക്കേണ്ടവരാണ്‌ ജുഡീഷ്യറിയെന്ന്‌ സുധാൻഷു ധൂലിയ പറഞ്ഞു. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ സ‍ൗഹാർദ ക്ഷണം ചീഫ്‌ ജസ്‌റ്റിസായ എം എൻ വെങ്കടാചലയ്യ നിരാകരിച്ചത്‌ അദ്ദേഹം ഓർത്തെടുത്തു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ പോഡ്‌കാസ്‌റ്റിലാണ്‌ മൂന്നുപേരും മനസുതുറന്നത്‌.


ജെപിസിയുമായി കൂടിക്കാഴ്‌ചയിൽനിന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തും സഹജഡ്‌ജിമാരും കഴിഞ്ഞദിവസം പിൻമാറിയിരുന്നു. നിയമവൃത്തങ്ങളിൽനിന്ന്‌ വലിയ പ്രതിഷേധമുയർന്നതോടെയായിരുന്നു പിന്മാറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home