ഒരു മണിക്കൂർ ചോദ്യംചെയ്യൽ; രേഖകൾ എടുക്കാമെന്ന് പറഞ്ഞ് മുറിയിൽ പോയി, നെഞ്ചിലേക്ക് വെടിവെച്ചു

ബംഗളൂരു: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയി (56)യുടെ മരണം ഞെട്ടലോടെയാണ് പുറംലോകമറിഞ്ഞത്. ബംഗളൂരു അശോക് നഗറിലെ കോൺഫിഡന്റ് പെന്റഗൺ എന്ന കോർപറേറ്റ് ഓഫീസിൽ ഇൻകം ടാക്സ് (ഐ ടി) ഉദ്യോഗസ്ഥർ പരിശോധന നടത്തവെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
വെള്ളി രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥർ കോർപറേറ്റ് ഓഫീസിൽ എത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സെൻട്രൽ ബംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോർപറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥർ ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ അവ എടുത്ത് നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അവിടെ വെച്ച് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചിലാണ് വെടിവെച്ചത്. ഉടൻ തന്നെ എച്ച്എസ്ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിൽ നേരത്തെയും ഐ ടി ഉദ്യോഗസ്ഥര്‍ പരിശോധനകൾ നടന്നിരുന്നു. കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി ജെ റോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് കോടതി സ്റ്റേ അനുവദിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി സ്റ്റേ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പരിശോധനകള്‍ ആരംഭിച്ചത്.
വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അതേസമയം, ഐ ടി ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കൊച്ചി സ്വദേശിയായ സി ജെ റോയിക്ക് കേരളത്തിലുൾപ്പെടെ നിരവധി സംരംഭങ്ങളുണ്ട്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് 160ല്‍ ഏറെ പ്രൊജക്ടുകള്‍ ബംഗളൂരുവില്‍ മാത്രമുണ്ട്. ഗള്‍ഫ് മേഖലയിലും നിക്ഷേപങ്ങളുണ്ട്.
സിനിമാ നിര്‍മാണ രംഗത്തും സി ജെ റോയ് സജീവമായിരുന്നു. കാസനോവ, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഐഡന്‍റിറ്റി, അനോമി എന്നീ സിനിമകളുടെ സഹനിർമാതാവാണ്. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഏവിയേഷൻ, വിദ്യാഭ്യാസം, റീട്ടെയിൽ, സ്പോര്‍ട്സ് തുടങ്ങിയ രംഗങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചു.
ലിനിയാണ് ഭാര്യ. മക്കൾ: രോഹിത്, റിയ.









0 comments