‘നിങ്ങള്‍ തമ്മിലടി തുടരൂ’; കോൺഗ്രസിനേയും എഎപിയേയും പരിഹസിച്ച് ഒമർ അബ്‌ദുള്ള

ഒമർ അബ്ദുള്ള. PHOTO: X/Omar Abdullah
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ആം ആദ്‌മി പാർട്ടിയേയും കോൺഗ്രസിനേയും പരിഹസിച്ച് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. എക്‌സിലൂടെയായിരുന്നു ഇരു പാർട്ടികൾക്കുമെതിരെയുള്ള ഒമർ അബ്‌ദുള്ളയുടെ വിമർശനം.
എക്‌സിൽ മീം പങ്കുവച്ച് കൊണ്ടായിരുന്നു ഒമർ അബ്‌ദുള്ളയുടെ പരിഹാസം. ‘കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ’ എന്ന് എഴുതിയ മീം ആണ് ജമ്മു കശ്‌മീർ മുഖ്യമന്ത്രി പങ്കുവച്ചത്. ഇതിന് ക്യാപ്‌ഷനായി ‘നിങ്ങള്‍ തമ്മിലടി തുടരൂ’ എന്ന് എഴുതിയിട്ടുമുണ്ട്.
ഡൽഹിയിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറ്റവും ഭരണകക്ഷിയായ എഎപിയുടെ തകർച്ചയുമാണ് കാണാൻ സാധിക്കുന്നത്. എഎപി സ്ഥാനാർഥികളായിരുന്ന മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെ പരാജയപ്പെട്ടു. നിലവിൽ 48 മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 22 ഇടത്ത് മാത്രമാണ് എഎപി മുന്നിലുള്ളത്. കോൺഗ്രസ് 70 മണ്ഡലങ്ങളിലും പിന്നിലാണ്.
ബിജെപി എന്ന ശത്രുവിനെ തുരത്താൻ ഒരുമിച്ച് നിൽക്കാതെ ആംആദ്മി–കോണ്‍ഗ്രസ് പാർടികൾ തമ്മിൽ നിലനിന്ന അധികാര വടംവലിയുടെ പ്രതിഫലനമാണിപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. 2015 മുതല്‍ സംസ്ഥാനം ഭരിക്കുന്ന എഎപിയെ പലതരത്തിലും വീര്‍പ്പുമുട്ടിച്ചിരുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പലവിധ ഗൂഢരാഷ്ട്രീയ നീക്കങ്ങളും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയിരുന്നു. അതിനൊപ്പം കോണ്‍ഗ്രസും എഎപിക്കെതിരെ തിരിഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കനുകൂലമായി മാറുകയായിരുന്നു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എഎപിയെയും അരവിന്ദ് കെജരിവാളിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത്.
0 comments