ചൂഷണത്തിനെതിരെ ടാക്സി തൊഴിലാളികൾ; ഓല, ഊബർ, റാപ്പിഡോ ഡ്രൈവർമാർ ഇന്ന് രാജ്യവ്യാപക പണിമുടക്കിൽ

ന്യൂഡൽഹി: ഓൺലൈൻ ടാക്സി അഗ്രഗേറ്റർ കമ്പനികളുടെ ചൂഷണത്തിനെതിരെയും അശാസ്ത്രീയമായ നിരക്ക് വർധനയ്ക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ടാക്സി തൊഴിലാളികൾ.
ഓല, ഊബർ, റാപ്പിഡോ, പോർട്ടർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരാണ് ഇന്ന് ആറ് മണിക്കൂർ പണിമുടക്കുന്നത്. 'ഓൾ ഇന്ത്യ ബ്രേക്ക്ഡൗൺ' എന്ന് പേരിട്ടിരിക്കുന്ന പണിമുടക്ക് രാവിലെ മുതൽ ആരംഭിച്ചു.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് വിവിധ ദേശീയ തൊഴിലാളി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിശ്ചിത മിനിമം ചാർജ് ഏർപ്പെടുത്തുക, സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി (വൈറ്റ് ബോർഡ്) ഉപയോഗിക്കുന്നത് തടയുക, മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ (2025) കർശനമായി നടപ്പിലാക്കുക എന്നിവയാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ.
കമ്പനികൾ ഏകപക്ഷീയമായി നിരക്കുകൾ നിശ്ചയിക്കുന്നത് മൂലം ഡ്രൈവർമാരുടെ വരുമാനം കുത്തനെ കുറയുന്നതായും ഇന്ധനവില വർധനയ്ക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.
ഗിഗ് തൊഴിലാളികളിൽ 40 ശതമാനത്തോളം പേരും പ്രതിമാസം 15,000 രൂപയിൽ താഴെയാണ് സമ്പാദിക്കുന്നതെന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ടും തൊഴിലാളികളുടെ ദുരവസ്ഥ ശരിവെക്കുന്നു.
പണിമുടക്കിന്റെ ഭാഗമായി ഡ്രൈവർമാർ ഓൺലൈൻ ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുന്നതോടെ വിവിധ നഗരങ്ങളിൽ യാത്രാക്ലേശം രൂക്ഷമാകാനാണ് സാധ്യത.










0 comments