ad
Deshabhimani

പശ്ചിമേഷ്യയിൽ സംഘർഷം: എണ്ണവില കുതിക്കുന്നു

crudeoil
വെബ് ഡെസ്ക്

Published on Mar 03, 2026, 08:42 AM | 1 min read

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുന്നു. ഇറാനിലെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി കൊല്ലപ്പെട്ടതിനുപിന്നാലെ തിങ്കളാഴ്ച അസംസ്കൃത എണ്ണവിലയിൽ പത്തുശതമാനം വിലവർധന രേഖപ്പെടുത്തി. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 82 ഡോളർ വരെയെത്തി.വീപ്പയ്ക്ക് 9.13 ഡോളറാണ് ഒറ്റദിവസം ഉയർന്നത്. പിന്നീടിത് കുറഞ്ഞ് 79.42 ഡോളറിലെത്തി. ഈ നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


അമേരിക്കൻ എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില വീപ്പയ്ക്ക് 72.28 ഡോളറിലാണ്. അന്താരാഷ്ട്ര എണ്ണനീക്കത്തിൽ നിർണായകസ്ഥാനമുള്ള ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകളാണ് എണ്ണവിപണിയെ ചൂടുപിടിപ്പിക്കുന്നത്.സംഘർഷസ്ഥിതി തുടർന്നാൽ എണ്ണവില വീപ്പയ്ക്ക് 100 കടക്കാനുള്ള സാധ്യത ശക്തമാണെന്ന് വിദഗ്‌ധർ പറയുന്നു.


അതിനിടെ എണ്ണയുത്പാദനം ഉയർത്താൻ ഞായറാഴ്ച ചേർന്ന എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിച്ചു. ദിവസം 2.06 ലക്ഷം വീപ്പയുടെ വർധനയാണ് വരുത്തുക. യുഎഇ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണം എണ്ണവിപണിയിൽ കൂടുതൽ തടസ്സങ്ങളുണ്ടാകാൻ കാരണമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


അസംസ്കൃത എണ്ണവിലയിൽ പത്തുഡോളറിന്റെ വർധനയുണ്ടായാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിൽ 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് കണക്ക്. പണപ്പെരുപ്പത്തിൽ 0.4 ശതമാനം വരെ വർധനയ്ക്കും ഇതു കാരണമാകാം. സംഘർഷസ്ഥിതി നീണ്ടാൽ ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ എണ്ണവാങ്ങാനുള്ള സാധ്യത ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home