Deshabhimani

print edition ഒബിസി മേൽത്തട്ട്‌ പരിധി 
വിധി എട്ടാഴ്ചയ്ക്കകം നടപ്പാക്കണം

supreme Court
വെബ് ഡെസ്ക്

Published on Nov 07, 2026, 06:40 AM | 1 min read

ന്യൂഡൽഹി : മാതാപിതാക്കളുടെ ശന്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക്‌ നിയമനം നിഷേധിക്കാനാകില്ലെന്ന ഉത്തരവിൽ കേന്ദ്രസർക്കാർ ഉന്നയിച്ച എതിർപ്പ്‌ സുപ്രീംകോടതി തള്ളി. ​മുൻകാല പ്രാബല്യത്തോടെ വിധി നടപ്പാക്കാനുള്ള നിർദേശം സിവിൽ സർവീസ്‌ കേഡർ വിതരണത്തെയടക്കം ബാധിക്കുമെന്ന്‌ അവകാശപ്പെട്ട്‌ കേന്ദ്രം നൽകിയ വ്യക്തത തേടൽ അപേക്ഷയാണ്‌ ജസ്റ്റിസുമാരായ പി എസ്‌ നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച്‌ തള്ളിയത്‌. 2025ൽ സിവിൽ സർവീസ്‌ പരീക്ഷ പാസായ 958 പേരുടെ കേഡർ വിതരണം വിധിയുടെ അടിസ്ഥാനത്തിയായിരിക്കണം.

കോടതിയെ സമീപിച്ചവർക്കും നിലവിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കുമായിരിക്കും മുൻകാല പ്രാബല്യം. തീർപ്പാകാതെ കിടക്കുന്ന കേസുകളിലും വിധിയുടെ അടിസ്ഥാനത്തിൽ അതാത്‌ ഫോറങ്ങൾക്ക്‌ ഉത്തരവ്‌ നൽകാം. വിധി നടപ്പാക്കാൻ രണ്ടുവർഷം വേണമെന്ന ആവശ്യം തള്ളിയ കോടതി എട്ടാഴ്‌ചക്കകം നടപ്പാക്കണമെന്ന കർശന നിർദേശവും നൽകി. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്‌ നിരസിക്കപ്പെട്ട്‌ താഴ്‌ന്ന സിവിൽ സർവീസ്‌ പദവി ലഭിച്ച മലയാളി ഇബ്‌സൺ ഷാ അടക്കമുള്ളവർക്ക്‌ ഉയർന്ന പദവി ലഭിക്കാൻ വഴിയൊരുക്കുന്ന വിധിക്കെതിരെയായിരുന്നു കേന്ദ്രത്തിന്റെ അപേക്ഷ.

1993ലെ മാതൃചട്ടക്കൂടിൽ രക്ഷിതാവിന്റെ പദവിയും ശമ്പളത്തിൽ നിന്നും കൃഷിയിൽ നിന്നുമുള്ള വരുമാനത്തെ മറ്റ് വരുമാനവുമായി കൂട്ടിച്ചേർക്കരുതെന്ന വ്യവസ്ഥയും പാലിച്ചില്ലെന്ന്‌ കണ്ട്‌ ഇവർക്ക്‌ താഴ്‌ന്ന പദവി നൽകിയ പേഴ്‌സണൽ മന്ത്രാലയത്തിന്റെ നടപടി കോടതി റദ്ദാക്കി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായുള്ള തുല്യത എന്ന ആശയം മുൻനിർത്തിയായിരുന്നു ഉത്തരവ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home