Deshabhimani

നഴ്സിങ് വിദ്യാർഥിനി മരിച്ച നിലയിൽ; കോളേജ് പ്രിൻസിപ്പലിനും മകനുമെതിരെ കുടുംബം

UP POLICE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 30, 2026, 06:49 AM | 1 min read

ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ 18 കാരിയായ നഴ്സിങ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫിറോസാബാദ് കോളേജ് ഓഫ് നഴ്സിങ്ങിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ജിഎൻഎം) വിദ്യാർഥിനിയായ പ്രീതിയാണ് മരിച്ചത്.


സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനും മകനുമെതിരെ പ്രീതിയുടെ കുടുംബം രം​ഗത്തെത്തി. ഇരുവരും ചേർന്ന് മകളെ കൊലപ്പെടുത്തിയതാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പ്രീതിയുടെ പോസ്റ്റുമോർട്ടത്തിനു പിന്നാലെ കുടുംബാം​ഗങ്ങൾ റോഡ് ഉപരോധിച്ചു. പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചതോടെ ഉപരോധം അവസാനിപ്പിച്ച് മൃതദേഹം കുടുംബം ഏറ്റുവാങ്ങി.


ബുധനാഴ്ച രാവിലെ ഹോസ്റ്റലിൽ മറ്റ് വിദ്യാർഥിനികൾ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് പ്രീതിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മുറിയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശേഷം പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലർച്ചെ 2.30 ഓടെ പ്രീതി മതിൽ ചാടിക്കടന്ന് തനിച്ച് പുറത്തുപോകുന്നതായി കണ്ടെത്തി.


പിന്നീട് മൗഡ കനേറ്റ ഗ്രാമത്തിന് സമീപം ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായുള്ള വിവരമാണ് പൊലീസിനു ലഭിച്ചത്. പരിശോധനയിൽ മൃതദേഹം പ്രീതിയു‌ടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. സംഭവത്തിൽ പ്രീതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. കോളേജ് പ്രിൻസിപ്പലിനും മകനെതിരായ ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home